അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

May 2, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അമേരിക്ക വിരുദ്ധ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ രാജ്യത്തിന് പുറത്തുള്ള പൗരന്മാര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്‍ ഖ്വൊയ്ദയൊ മറ്റുതീവ്രവാദ സംഘടനകളൊ അമേരിക്ക വിരുദ്ധ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങളുടെ പ്രവര്‍ത്തനം തുടരും. ലാദന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് പ്രസിഡന്റ് ബരാക്ക് ഒബാമ നടത്തിയ പത്രസമ്മേളത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഒസാമ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജമ്മു കശ്മീരിലെ സൈന്യത്തിനും പോലീസിനും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കാന്‍ സൈന്യത്തിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍