പാകിസ്താന്‍ തീവ്രവാദികളുടെ സുരക്ഷിത താവളം: ചിദംബരം

May 2, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അല്‍ ഖ്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ട സംഭവം ആരാജ്യം തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നുവെന്ന ആരോപണം അടിവരയിടുന്നതാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. വിവിധ സംഘടനകളില്‍പ്പെട്ട തീവ്രവാദികള്‍ പാകിസ്താനില്‍ സുരക്ഷിതരായി കഴിയുന്നുവെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സംഭവം. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദികള്‍ ഇപ്പോഴും പാകിസ്താനില്‍ തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍വച്ചാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ ഭരണകൂടം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. മുംബൈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തവരും, നടപ്പിലാക്കിയവരും ഇപ്പോഴും പാകിസ്താനില്‍തന്നെ സുരക്ഷിതരായി കഴിയുന്നുവെന്നാണ് ഇന്ത്യ കരുതുന്നത്. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ പട്ടികയിലുള്ളവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ സൂത്രധാരന്മാരുടെ ശബ്ദം അടങ്ങിയ ടേപ്പുകളും ഇന്ത്യ പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് പി.ചിദംബരം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം