റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി

May 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വാര്‍ഷിക പണ-വായ്പാ നയ അവലോകനത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. നിരക്കുകള്‍ അര ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്. പണപ്പെരുപ്പം വരുതിയിലാവാത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ നടപടി.
ഇതോടെ റിപോ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 7.25 ശതമാനത്തിലേക്ക് ഉയര്‍ന്നു. റിവേഴ്‌സ് റിപോ 5.75 ശതമാനത്തില്‍ നിന്നും 6.25 ശതമാനത്തിലേക്കും വര്‍ധിച്ചു. കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. നിരക്കുവര്‍ധന സാധാരണക്കാരുടെ വായ്പാ ബാധ്യത ഉയര്‍ത്തും. ഭവന വായ്പ, വാഹന വായ്പ എന്നിവ ഉള്‍പ്പടെ സകല വായ്പകളുടെയും പലിശ നിരക്ക് ഉയരും.
റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയിന്മേല്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. വാണിജ്യ ബാങ്കുകളില്‍ നിന്നു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പയ്ക്കു നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ.
2010 മാര്‍ച്ചിന് ശേഷം ഇത് ഒമ്പതാം തവണയാണ് ആര്‍.ബി.ഐ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നിരക്കുകളിലെ വര്‍ധന നേരിടാന്‍ ബാങ്കുകള്‍ വായ്പക്കുള്ള പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകളിലെ വര്‍ധന ഉപഭോക്താക്കളെ ആയിരിക്കും ബാധിക്കുക.
2010-11 വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 8.6 ശതമാനമാവുമെന്നാണ് കരുതുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം ഉയരത്തില്‍ തുടരുമെന്നും എന്നാല്‍, രണ്ടാം പകുതിയോടെ കുറയുമെന്നുമാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം