പാകിസ്താനിലെ അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും അടച്ചു

May 3, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ എംബസിയും കോണ്‍സുലേറ്റുകളും അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമെ പാകിസ്താനിലെ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവേശനമുണ്ടാകൂ. പാകിസ്താനിലെ അബോട്ടാബാദില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയില്‍ അല്‍ ഖ്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഇസ്‌ലാമാബാദിലുള്ള അമേരിക്കന്‍ എംബസി, പെഷവാര്‍, ലാഹോര്‍, കറാച്ചി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവയാണ് അടച്ചതെന്ന് എംബസി വക്താവ് ആല്‍ബര്‍ട്ടോ റോഡ്രിക്‌സ് പറഞ്ഞു. വിസ അനുവദിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ സ്ഥാനപതി കാര്യാലയങ്ങളെ സമീപിക്കാമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ബിന്‍ ലാദനെ വധിച്ചതിന് പ്രതികാരമായി തീവ്രവാദി സംഘടനകളായ അല്‍ ഖ്വൊയ്ദ, താലിബാന്‍ എന്നിവ ആക്രമണം നടത്തുമെന്ന ഭീതിമൂലമാണ് അമേരിക്ക പാകിസ്താനിലെ കാര്യാലയങ്ങള്‍ അടച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍