ദോര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്ററിനുവേണ്ടി തിരച്ചില്‍ തുടരുന്നു

May 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സെലാ പാസിന് സമീപം 3000 സൈനികര്‍ ഉള്‍പ്പെട്ട സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ തിരച്ചില്‍ തുടങ്ങി. ഐ.എസ്.ആര്‍.ഒ നല്‍കിയ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് കരസേന, ഐ.ടി.ബി.ടി, എസ്.എസ്.ബി, പോലീസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം തിരച്ചില്‍ നടത്തുന്നത്.
ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടമെന്ന് സംശയിക്കുന്ന ലോഹഭാഗങ്ങളുടെ ഉപഗ്രഹചിത്രം കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ പകര്‍ത്തിയിരുന്നു. തിരച്ചില്‍ നടത്തുന്ന സംഘം ലോഹഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് ആറു കിലോമീറ്റര്‍ അടുത്തെത്തിയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. തവാങ്ങിന് 85 കിലോമീറ്റര്‍ അകലെയുള്ള പര്‍വ്വത പ്രദേശമാണിത്.
കനത്ത മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തവാങ്ങില്‍നിന്ന് വ്യോമസേനയുടെ രണ്ട് ഹെലിക്കോപ്റ്ററുകള്‍ തിരച്ചിലിനുവേണ്ടി പുറപ്പെട്ടുവെങ്കിലും പ്രതികൂല കാലാവസ്ഥമൂലം അവയ്ക്ക് മടങ്ങേണ്ടിവന്നു. അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡവിനൊപ്പം നാലുപേരാണ് ഹോലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം