ബംഗാളില്‍ ആദ്യ രണ്ടു മണിക്കൂറില്‍ 21 % പോളിങ്‌

May 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കൊല്‍ക്കത്ത: ബംഗാളില്‍ ഇന്നു നടക്കുന്ന നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 21 % പോളിങ്‌. നന്ദിഗ്രാം, സിംഗൂര്‍ എന്നിവ ഉള്‍പ്പെടെ ബംഗാളിലെ 63 മണ്ഡലങ്ങളിലാണ്‌ ഇന്നു വോട്ടെടുപ്പു നടക്കുന്നത്‌. ഹൂഗ്ലി, ഹൗറ, കിഴക്കന്‍ മിഡ്‌നാപ്പൂര്‍, ബര്‍ദ്വാന്‍ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ മണ്ഡലങ്ങളിലെ ജനവിധിയാവും ബംഗാളിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചു കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ആണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. അടുത്ത തവണ ആരു ഭരിക്കുമെന്നു മാത്രമല്ല സിപിഎമ്മിനുമേല്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ ആധിപത്യം ഉറപ്പിക്കുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കുന്ന ജനവിധിയാണിത്‌. ഒന്നേകാല്‍ കോടി വോട്ടര്‍മാരാണ്‌ 366 സ്‌ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുക.
മൊത്തം 15711 പോളിങ്‌ സ്‌റ്റേഷനുകളാണുള്ളത്‌. വ്യവസായ മന്ത്രി നിരുപം സെന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി സുദര്‍ശന്‍ റോയ്‌ ചൗധരി എന്നിവരുള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ ഇന്നു ജനവിധി തേടുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ നാലു ജില്ലകളിലെ പത്തു സീറ്റുകളില്‍ ആറിലും തൃണമൂല്‍ ജയിച്ചതുകൊണ്ട്‌ ഇക്കുറിയും മമത ഇവിടെ വന്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.ബംഗാളില്‍ ആറു ഘട്ടമായാണു തിരഞ്ഞെടുപ്പ്‌. അഞ്ചാം ഘട്ടം ഈ മാസം ഏഴിനും അവസാന ഘട്ടം പത്തിനും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം