ലാദന്‌ പാക്ക്‌ പിന്തുണ ലഭിച്ചതായി യുഎസ്‌

May 3, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‌ ഒളിവില്‍ കഴിയാന്‍ പാക്കിസ്‌ഥാനില്‍ നിന്നു സഹായം ലഭിച്ചിട്ടില്ലെന്നു വിശ്വസിക്കാനാവില്ലെന്ന്‌ യുഎസ്‌. ഉസാമയ്‌ക്കു പാക്കിസ്‌ഥാനില്‍ നിന്ന്‌ പിന്തുണ ലഭിച്ചിട്ടില്ലെന്നു കരുതാനാകില്ലെന്ന്‌ അമേരിക്കയുടെ സഹ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. കൂടുതല്‍ കാലയളവില്‍ പാക്കിസ്‌ഥാനില്‍ തുടരാന്‍ ഒസാമയ്‌ക്ക്‌ എന്തെങ്കിലും സഹായം ലഭിക്കാതിരിക്കാന്‍ തരമില്ലെന്നും ഇത്‌ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാക്കിസ്‌ഥാനു സൈനിക സഹായം നല്‍കുന്നതു പുനഃപരിശോധിക്കണമെന്നു ചില സെനറ്റ്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, ഉസാമ ബിന്‍ലാദനെ പാക്കിസ്‌ഥാന്‍ സഹായിച്ചെന്ന ആരോപണങ്ങള്‍ പാക്ക്‌ പ്രസിഡന്റ്‌ ആസിഫലി സര്‍ദാരി നിഷേധിച്ചു. ഏതൊരു രാജ്യത്തെയും പോലെ പാക്കിസ്‌ഥാനും അല്‍ ഖായിദയ്‌ക്കെതിരാണെന്നും സര്‍ദാരി പറഞ്ഞു. ഉസാമയെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ പാക്കിസ്‌ഥാന്‍ സൈന്യം പങ്കെടുത്തിട്ടില്ലെങ്കിലും ഭീകരര്‍ക്കെതിരെ നടന്ന എല്ലാ പോരാട്ടങ്ങളിലും പാക്കിസ്‌ഥാന്‍ സഹകരിച്ചിട്ടുണ്ടെന്നും സര്‍ദാരി വാഷിങ്‌ടണ്‍ പോസ്‌റ്റിലെഴുതിയ ലേഖനത്തില്‍ വിശദീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍