ഇന്ധനവില വന്‍തോതില്‍ ഉയരാന്‍ സാധ്യത

May 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കേന്ദ്രം ഈ മാസം തന്നെ ഇന്ധനവില വന്‍തോതില്‍ ഉയര്‍ത്തിയേക്കും. ഡീസല്‍ വില ലിറ്ററിന് മൂന്ന് രൂപ ഉയര്‍ത്താനാണ് ആലോചിക്കുന്നത്. പെട്രോള്‍ വിലയിലും സമാനമായ വര്‍ധനവുണ്ടാകും. ഇതുസംബന്ധിച്ച ചര്‍ച്ച ചെയ്യാനായി ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മെയ് 11 ന് യോഗം കൂടുന്നുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീരാന്‍ കാത്തിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. 10നാണ് അവസാന വട്ട വോട്ടെടുപ്പ്. മെയ് 13നാണ് ഫലപ്രഖ്യാപനം. അതിന് മുമ്പ് വില വര്‍ധിപ്പിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷനോട് ആരാഞ്ഞിരുന്നു.  നിലവിലെ നിരക്കില്‍ വില്‍പന നടത്തിയാല്‍ എണ്ണക്കമ്പനികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം മൊത്തം 1.80 ലക്ഷം കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.
അതേസമയം, ഡീസല്‍ വില ഉയര്‍ത്തുന്നത് ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം