ഉസാമയോടൊപ്പം കൊല്ലപ്പെട്ട മൂന്നു പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നു

May 5, 2011 മറ്റുവാര്‍ത്തകള്‍

വാഷിങ്ടണ്‍: ഉസാമയോടൊപ്പം കൊല്ലപ്പെട്ട മൂന്നു പേരുടെ ചിത്രങ്ങള്‍ പുറത്തെത്തി. അമേരിക്കയുടെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എടുത്ത ഫോട്ടോകളാണ് ഇവ. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുടെ സമീപത്തൊരിടത്തും ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല.

ഉസാമ ബിന്‍ ലാദന്റെ മൃതദേഹത്തിന്റെ ചിത്രം പുറത്തുവിടേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തീരുമാനിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജയ് കാര്‍ണി അറിയിച്ചു.

ഒസാമയെ വധിച്ചതുമായി ബന്ധപ്പെട്ട് മൂന്നു സെറ്റ് ഫോട്ടോകളാണ് വൈറ്റ് ഹൗസിന്റെ പക്കലുള്ളതെന്ന് ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. ഉസാമ കൊല്ലപ്പെട്ടു എന്ന് തെളിയിക്കാനായി ശത്രുക്കളുടെ വികാരം ഉണര്‍ത്താന്‍ പോന്നവിധം ഭീകരമായ ഈ ഫോട്ടോകള്‍ പുറത്തുവിടണമോ എന്നതിന്റെ വിവിധ വശങ്ങള്‍ യു.എസ്. ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ്. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍