ശാന്തിഭൂഷനെതിരായ സിഡി വ്യാജം: ഫോറന്‍സിക് ലാബ്‌

May 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ സമിതി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷന്റേതായി പുറത്തുവന്ന സിഡിയിലെ സംഭാഷണങ്ങള്‍ കൃത്രിമമാണെന്ന് ഛണ്ഡീഗഡ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട്. സിഡിയിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് തയ്യറാക്കിയതാണെന്നും മുറിച്ചുമാറ്റിയും കൂട്ടിച്ചേര്‍ത്തുമുള്ള തുടര്‍ച്ചയില്ലാത്ത സംഭാഷണങ്ങളാണ് ഇതിലുള്ളതെന്നും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് കോടി രൂപ ഒരു ജഡ്ജിക്ക് കൈക്കൂലി കൊടുക്കണമെന്ന് ചില രാഷ്ട്രീയനേതാക്കള്‍ക്ക് ശാന്തിഭൂഷന്‍ ശുപാര്‍ശ ചെയ്യുന്നതാണ് സിഡിയിലെ സംഭാഷണങ്ങള്‍. അമര്‍സിങ്, മുലായംസിങ് യാദവ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ എന്ന പേരിലാണ് സിഡി പുറത്തുവന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് ശാന്തിഭൂഷനും മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം സിഡി ഒറിജിനലാണെന്ന റിപ്പോര്‍ട്ടാണ് ഡല്‍ഹിയിലെ ഫോറന്‍സിക് ലാബ് നല്‍കിയത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. രണ്ട് സര്‍ക്കാര്‍ ലാബുകള്‍ ഒരേ സിഡി സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ശാന്തിഭൂഷനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന വാദം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഛണ്ഡീഗഡ് ലാബിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സംഭവം അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന് പുതിയ റിപ്പോര്‍ട്ട് അയച്ചുകൊടുത്തതായി ലാബിലെ വിദഗ്ദ്ധന്‍ എസ്.കെ.ജയിന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം