അക്ഷയ തൃതീയ: സംസ്‌ഥാനത്ത്‌ വിറ്റത്‌ 1000 കിലോഗ്രാം സ്വര്‍ണം

May 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞതോടെ, അക്ഷയ തൃതീയയുടെ സമാപന നാളില്‍ വ്യാപാര തിരക്ക്‌ കൂടി. ആഭരണങ്ങളും നാണയങ്ങളും സ്വന്തമാക്കാന്‍ ഏറ്റവും ശുഭ മുഹൂര്‍ത്തമെന്ന നിലയിലാണ്‌ രാവിലെ മുതല്‍ സ്വര്‍ണ പ്രേമികളെത്തിയത്‌.
സ്വര്‍ണ വില പവന്‌ ഇന്നലെ 120 രൂപ കുറഞ്ഞ്‌ 16160 രൂപയിലെത്തി. ഗ്രാമിന്‌ 2020 രൂപ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൊത്തം കുറഞ്ഞത്‌ പവന്‌ 400 രൂപ. അതേസമയം, രാജ്യാന്തര വിപണിയില്‍ തകര്‍ച്ചയ്‌ക്കു ശേഷം സ്വര്‍ണ വില വീണ്ടും കൂടുകയാണ്‌. മാസാദ്യത്തില്‍ ഔണ്‍സിന്‌ (31.1 ഗ്രാം) 1575.79 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ നിന്ന്‌ 100 ഡോളറോളം കുറഞ്ഞതിനു ശേഷമാണ്‌ തിരിച്ചുവരവ്‌. 1462.40 ഡോളറില്‍നിന്ന്‌ 1485.30 ഡോളറിലേക്ക്‌ എത്തി. വെള്ളി വില വന്‍ തകര്‍ച്ചയ്‌ക്കു ശേഷം നേരിയ വര്‍ധനയോടെ ഡോളറിന്‌ 34.67 ഡോളറില്‍ സ്‌ഥിരത നേടി. വിക കുറഞ്ഞതോടെ, ആവശ്യം വര്‍ധിച്ചതാണ്‌ സ്വര്‍ണത്തിനും വെള്ളിക്കും നേട്ടമായത്‌. ഡോളര്‍ മറ്റ്‌ പ്രമുഖ കറന്‍സികള്‍ക്കെതിരെ കരുത്ത്‌ നേടുന്നുണ്ട്‌.
പ്രതീക്ഷിച്ചതുപോലെ, 1000 കിലോ സ്വര്‍ണത്തിന്റെ വില്‍പന അക്ഷയതൃതീയയോട്‌ അനുബന്ധിച്ചു കേരളത്തില്‍ നടന്നുവെന്നാണ്‌ ആഭരണ വ്യാപാര മേഖലയുടെ വിലയിരുത്തല്‍. സ്വര്‍ണ വില കുറഞ്ഞത്‌, വലിയൊരളവോളം ഇതിനു സഹായമായെന്നു കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഗിരിരാജന്‍ ചൂണ്ടിക്കാട്ടി. നിക്ഷേപത്തിനും വിവാഹാവശ്യങ്ങള്‍ക്കും വേണ്ടി സ്വര്‍ണം വാങ്ങിയവര്‍ നിരവധി. ഇതു വിവാഹ സീസണ്‍ കൂടിയായത്‌, അക്ഷയതൃതീയയ്‌ക്കു പൊലിമയായി.
രാജ്യത്തെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ഗീതാഞ്‌ജലി ഗ്രൂപ്പ്‌ അറിയിച്ചത്‌ തങ്ങളുടെ വില്‍പന ഇരട്ടിച്ച്‌ 50 കോടി രൂപയുടേതായെന്നാണ്‌. വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത്‌ അക്ഷയതൃതീയ നാളില്‍ ഒരു കിലോയുടെ സ്വര്‍ണ നാണയവും ഗ്രൂപ്പ്‌ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷംതൊട്ടാണ്‌ ഉയര്‍ന്ന തൂക്കത്തിലുള്ള സ്വര്‍ണ നാണയത്തിന്‌ ആവശ്യം അനുഭവപ്പെട്ടതത്രെ. ഒരു കിലോയുടെ 100 നാണയമെങ്കിലും ഇക്കുറി കമ്പനിയുടെ ഷോറൂമുകളിലൂടെ വില്‍ക്കാനാകുമെന്നാണ്‌ പ്രതീക്ഷ.
ബാങ്കുകള്‍, മറ്റു ധനകാര്യ സ്‌ഥാപനങ്ങള്‍, പോസ്‌റ്റ്‌ ഓഫിസുകള്‍ തുടങ്ങിയവയിലെല്ലാം സ്വര്‍ണ നാണയങ്ങളുടെ വില്‍പന നന്നായി. വലിയൊരു പങ്കും ഇതിനുവേണ്ടി നേരത്തെ ബുക്ക്‌ ചെയ്‌തിരുന്നു. വിലപിടിപ്പുള്ളതെന്തും വാങ്ങുന്നതിന്‌ ശുഭദിനമെന്ന നിലയിലാണ്‌, ഉപഭോക്‌താക്കള്‍ ഫ്ലാറ്റ്‌, ടിവി തുടങ്ങിയവയിലേക്കു തിരിഞ്ഞത്‌. ഗൃഹോപകരണ വില്‍പനക്കാരും കെട്ടിട നിര്‍മാതാക്കളും അക്ഷയതൃതീയയോടനുബന്ധിച്ചു പ്രത്യേക ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം