അമൃത ഡയബറ്റിക് ഫുട്ട് കോണ്‍ഫറന്‍സ് ആരംഭിച്ചു

May 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എന്‍ഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ലോവര്‍ ലിമ്പ് ആന്‍ഡ് പൊഡിയാട്രിക് സര്‍ജറി വിഭാഗവും സംയുക്തമായി നടത്തുന്ന ‘അമൃത ഡയബറ്റിക് ഫുട്ട് കോണ്‍ഫറന്‍സ് 2011′ അന്തര്‍ദേശീയ സമ്മേളനം ആരംഭിച്ചു. മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനംചെയ്തു. പ്രമേഹ പാദരോഗികള്‍ നേരിടുന്ന പാദച്ഛേദം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി ഡോക്ടര്‍മാര്‍ പങ്കെടുത്തു.
പ്രമേഹരോഗികളില്‍ പ്രതിരോധശേഷി കുറവാണ്. ഇവരുടെ കാലുകളില്‍ ഉണ്ടാകുന്ന ചെറിയൊരു മുറിവ് രോഗാണുക്കള്‍ പ്രവേശിക്കുന്നതിനും രോഗിയുടെ പാദച്ഛേദത്തിനും ക്രമേണ മരണത്തിനും കാരണമായിത്തീരുമെന്ന് അമൃത എന്‍ഡോക്രിനോളജി വിഭാഗം മേധാവി ഡോ. ഹരീഷ്‌കുമാര്‍ പറഞ്ഞു. ഇത്തരം പാദരോഗങ്ങള്‍ക്ക് പല നൂതന ശസ്ത്രക്രിയകളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പൊഡിയാട്രിക് സര്‍ജന്മാരായ ഡോ. ഡേവിഡ് നീത്സണ്‍, ഡോ. സരനരേന്ദ്രമിറാന്‍ പുരി, ഓസ്‌ട്രേലിയയിലെ എന്‍ഡോക്രിനോളജിസ്റ്റ് ഡോ. ക്രിസ്റ്റി പി. സങ്കുരിക്കല്‍ എന്നിവര്‍ പ്രമേഹ രോഗികളിലെ പാദ വൈകല്യത്തിന്റെ ശസ്ത്രക്രിയാരീതിയെക്കുറിച്ചും ചികിത്സാരീതിയെക്കുറിച്ചും സംസാരിച്ചു. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അമൃത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍നായര്‍, ഡോ. അജിത്കുമാര്‍ വര്‍മ എന്നിവര്‍ പങ്കെടുത്തു. സമ്മേളനം ശനിയാഴ്ച സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം