ശ്രീശങ്കരജയന്തി ഇന്ന്‌

May 8, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ഇന്ന്‌ ശ്രീശങ്കരജയന്തി. ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ വിവിധ സംഘടനകളുടെയും മഠങ്ങളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷങ്ങളാണ്‌ നടക്കുന്നത്‌. ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10.30ന്‌ ആദിശങ്കര കീര്‍ത്തി സ്തംഭത്തില്‍ സന്യാസി സമ്മേളനം നടക്കും. തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെയും നിരവധി സന്യാസിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ കാലടിയില്‍ ഇന്നലെത്തന്നെ എത്തിയിട്ടുണ്ട്‌. പ്രമുഖ സന്യാസിവര്യന്മാരും ഹൈന്ദവനേതാക്കളും സന്യാസി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട്‌ 4ന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍ സംഗമിക്കും. തുടര്‍ന്ന്‌ മഹാപരിക്രമ വിശ്വഹിന്ദുപരിഷത്ത്‌ അഖില ഭാരതീയ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എസ്‌. വേദാന്തം ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ശ്രീശങ്കരജയന്തി സന്ദേശം നല്‍കും. സന്യാസിശ്രേഷ്ഠന്മാര്‍, ഹൈന്ദവ നേതാക്കള്‍, ആയിരക്കണക്കിന്‌ ഭക്തജനങ്ങളും അണിനിരക്കുന്ന മഹാപരിക്രമ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കാലടി ടൗണ്‍, ആശ്രമം റോഡ്‌, മലയാറ്റൂര്‍ റോഡ്‌ വഴി പോലീസ്‌ സ്റ്റേഷന്‍ കവല തിരിഞ്ഞ്‌ ശൃംഗേരി ആദിശങ്കര ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി മുതലക്കടവില്‍ സമാപിക്കും. തുടര്‍ന്ന്‌ പൂര്‍ണാനദിപൂജ, നദിയില്‍ ദീപം ഒഴുക്കല്‍, മഹാആരതി എന്നീ ചടങ്ങുകള്‍ക്ക്‌ ശേഷം മുതലക്കടവ്‌ മഹാസ്നാനം നടക്കും. ശ്രീശങ്കരജയന്തിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ സമ്മേളനത്തില്‍ സമ്മാനങ്ങള്‍വിതരണം ചെയ്യും.
ശൃംഗേരി ആദിശങ്കര ക്ഷേത്രത്തില്‍ രാവിലെ മഹാരുദ്രാഭിഷേകം, 11ന്‌ രുദ്രഹോമം, വൈകിട്ട്‌ 5ന്‌ രഥോത്സവം, രാത്രി 7ന്‌ ശാസ്ത്രാര്‍ത്ഥ വിദ്വത്‌ സദസ്സിന്റെ സമാപനം എന്നിവയുണ്ടാകും. കാഞ്ചികാമകോടി പീഠത്തിന്റെ ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍ രാവിലെ അഭിഷേകം, വൈകിട്ട്‌ സമ്പ്രദായ ഭജന. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ രാത്രി 7ന്‌ മാതൃവന്ദനം ചടങ്ങ്‌ നടക്കും. ശ്രീശങ്കരചാര്യരുടെ മാതൃപഞ്ചകം ചൊല്ലി ജഗത്ഗുരുവിന്റെ 32 ജീവിതവര്‍ഷത്തെ പ്രതിനിധീകരിച്ച്‌ 32 അമ്മമായെ ഫലമൂലാദികളും വസ്ത്രങ്ങളും നല്‍കി ആദരിക്കും.
ശ്രീങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരജയന്തിയോടനുബന്ധിച്ച്‌ ദേശീയ ശാസ്ത്ര സദസ്സ്‌ നടക്കും. രാവിലെ 10ന്‌ ഡോ. പി.എന്‍. ശാസ്ത്രി ഉദ്ഘാടനം ചെയ്യും. ഡോ. ടി. ആര്യാദേവി അധ്യക്ഷത വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം