ലാദന് പാകിസ്താനില്‍ ഒളിത്താവളം ഒരുക്കിയത് മുഷറഫിന്റെ നിര്‍ദേശപ്രകാരമാവാം

May 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വെസ് മുഷറഫ് ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. 2001-ല്‍ ആഗ്ര ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയപ്പോള്‍ ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ മുഷറഫ് തന്നോട് പച്ചക്കള്ളം പറഞ്ഞതായും അദ്വാനി തന്റെ ബ്ലോഗില്‍ വെളിപ്പെടുത്തി.
2005-ല്‍ ഉസാമ ബിന്‍ ലാദന് പാകിസ്താനില്‍ ഒളിത്താവളം ഒരുക്കിയത് മുഷറഫിന്റെ നിര്‍ദേശപ്രകാരമായിരിക്കണമെന്നും അദ്വാനി ബ്ലോഗില്‍ കുറിച്ചു.
”2001-ല്‍ രാഷ്ട്രപതിഭവനില്‍ വെച്ച് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദാവൂദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നതെന്ന് അദ്വാനി പറഞ്ഞു. ഞാന്‍ പഠിച്ച കറാച്ചിയിലെ സെന്റ് പാട്രിക് സ്‌കൂളിലാണ് മുഷറഫും പഠിച്ചത്. ഇതേക്കുറിച്ചായിരുന്നു തുടക്കത്തിലെ സംസാരം. ജനിച്ചത് കറാച്ചിയിലാണെങ്കിലും വിഭജനത്തിനുശേഷം താന്‍ ഒരുപ്രാവശ്യമേ കറാച്ചിയില്‍ പോയിട്ടുള്ളൂ. മുഷറഫ് ജനിച്ചത് ഡല്‍ഹിയിലാണെങ്കിലും 53 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തുന്നത്. ഇക്കാര്യങ്ങള്‍ സംഭാഷണത്തിന് വിഷയമായി. മുഷറഫിന് തുര്‍ക്കിയിലെ ഭരണശൈലിയോടുള്ള താത്പര്യവും കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പിടാന്‍ തുര്‍ക്കിയില്‍ പോയതും സംഭാഷണവിഷയമായി. തുടര്‍ന്ന് കുറ്റവാളികളെ കൈമാറുന്ന കരാറിനെക്കുറിച്ചായി സംസാരം…”- അദ്വാനി എഴുതുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലാണ് കുറ്റവാളികളെ കൈമാറല്‍ കരാര്‍ ഏറ്റവും ആവശ്യമെന്ന് അദ്വാനി ചൂണ്ടിക്കാട്ടിയപ്പോള്‍ അതെന്തുകൊണ്ട് പാടില്ലെന്നായിരുന്നു മുഷറഫിന്റെ പ്രതികരണം.
അങ്ങനെയെങ്കില്‍ ഇത്തരമൊരു കരാര്‍ തയ്യാറാക്കുംമുമ്പ് ’93-ലെ മുംബൈ സേ്ഫാടനക്കേസിലെ പ്രധാന പ്രതി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് കൈമാറിയാല്‍ അത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഏറെ സഹായിക്കുമെന്നും ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണ് കഴിയുന്നതെന്നും അദ്വാനി വ്യക്തമാക്കി. ഇത് കേട്ടതോടെ മുഷറഫിന്റെ മുഖം ചുവക്കുകയും അദ്ദേഹം അസ്വസ്ഥനാകുകയും ചെയ്തു. മുഷറഫ് എന്തോ മറുപടി പറഞ്ഞു. തികച്ചും പ്രകോപനപരമായിരുന്നു അതെന്ന് അദ്വാനി ഓര്‍ക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം