അയോധ്യയില്‍ ആരാധന തുടരാം – സുപ്രീംകോടതി

May 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്തു. അയോധ്യയില്‍ നേരത്തെ നടന്നുവന്ന പൂജകള്‍ തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു. തര്‍ക്ക ഭൂമി വിഭജിക്കണമെന്ന്‌ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നുവോയെന്നും സുപ്രീംകോടതി ആരാഞ്ഞു.
അയോധ്യയിലെ തര്‍ക്കഭൂമി വിഭജിക്കാനുള്ള തീരുമാനത്തെ വിചിത്രമെന്നും, അത്ഭുതകരമെന്നും വിശേഷിപ്പിച്ച ജസ്റ്റീസുമാരായ അഫ്‌താബ്‌ ആലം, ആര്‍.എം. ലോധ ഭൂമി വിഭജിക്കുന്നതിനെ സ്റ്റേ ചെയ്യുകയായിരുന്നു.അതേസമയം ഹൈക്കോടതി നടത്തിയ മറ്റ് ചില നിരീക്ഷണങ്ങള്‍ സ്റ്റേ ചെയ്യരുതെന്ന് അഖില ഭാരത ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ രവിശങ്കര്‍ പ്രസാദിന്റെ വാദത്തെ സുപ്രീംകോടതി അംഗീകരിച്ചു.
തര്‍ക്കപ്രദേശത്ത് വിഗ്രഹം ഇരിക്കുന്ന സ്ഥലം രാ‍മജന്മ ഭൂമിയാണെന്ന വിശ്വാസം ശരിയാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം സ്റ്റേ ചെയ്യാന്‍ പാടില്ലെന്നാണ് രവിശങ്കര്‍ പ്രസാദ് പ്രധാനമായും ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച കോടതി 1993ലെ സ്ഥിതി തുടരണമെന്ന് ഉത്തരവിടുകയായിരുന്നു.
2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മോഹി അഖാരയ്ക്കുമായി വിഭജിച്ചു നല്‍കാനാണ്‌ 2010 സെപ്തംബര്‍ 30ന്‌ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്‌. വിധിയില്‍ അതൃപ്‌തരായ നിര്‍മോഹി അഖാര, അഖില ഭാരത ഹിന്ദുമഹാസഭ, ജമായിത്ത്‌ ഉലമ ഇ-ഹിന്ദ്‌, സുന്നി സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡ്‌ എന്നിവയും ഭഗവാന്‍ റാം വിരാജ്‌മാന്‍ എന്ന വ്യക്തിയുമാണ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജികള്‍ നല്‍കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം