കേവല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലേക്ക്

May 13, 2011 മറ്റുവാര്‍ത്തകള്‍

കേരളത്തില്‍ 140 മണ്ഡലങ്ങളിലെയും ഫലം പ്രഖ്യാപിച്ചപ്പോള്‍ കേവല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലേക്ക്. 72 സീറ്റ് യു.ഡി.എഫും 68 സീറ്റ് എല്‍.ഡി.എഫും നേടി. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര കുറഞ്ഞ ഭൂരിപക്ഷത്തിന് ഒരു മുന്നണി അധികാരത്തിലെത്തുന്നത്.

45 സീറ്റുകള്‍ നേടിയ സി.പി.എമ്മാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. കോണ്‍ഗ്രസ് 38 സീറ്റും മുസ്‌ലിം ലീഗ് 20 സീറ്റും സി.പി.ഐ 13ഉം കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് 9 സീറ്റും നേടി.

മലപ്പുറത്ത് വിജയിച്ച പി.ഉബൈദുല്ലക്കാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. ഏറ്റവും കുറവ് എറണാകുളം ജില്ലയിലെ പിറവത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.എം. ജേക്കബിനും, 157 വോട്ട്.

ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭരണം നേടാന്‍ വേണ്ടി കുതിരക്കച്ചവടത്തിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ വാറത്താസേേമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധി മാനിക്കുന്നൂ. പരാജയം അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകും. പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹം. സംസ്ഥാനത്ത് മൊത്തം ഒന്നരലക്ഷം വോട്ടിന്റെ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് യു.ഡി.എഫിന് സാധിച്ചത്. ജാതി മത ശക്തികളുടെ പിന്തുണയാണ് യു.ഡി.എഫിനെ വിജയത്തിയ്ക്കക്ക് എത്തിച്ചത്.

എല്‍.ഡി.എഫിന് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടി. പരാജയം പ്രതീക്ഷിച്ച പല സീറ്റുകളിലും വിജയിക്കാനായി. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള ജനവിരുദ്ധ വികാരങ്ങള്‍ക്കെതിരെ സമ്മതിദായകര്‍ ജാഗരൂകരായിരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇഞ്ചോടിഞ്ച് പോരാടി ഭാരതീയ ജനതാപാര്‍ട്ടി ഇത്തവണയും കേരളത്തില്‍ തോല്‍വി സമ്മതിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, നേമം, പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി ശക്തമായ പോരാട്ടം കാഴ്ച്ച്‌വെച്ചത്. ഇതില്‍ പാലക്കാട് ഒഴികേയുള്ള മണ്ഡലങ്ങളില്‍ ഫലം പൂര്‍ണ്ണമായും വരുന്നത്‌വരെ ഉദ്വേഗത്തിന്‍േറതായിരുന്നു. അവസാനം വരെ ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം ഈ മണ്ഡലങ്ങളില്‍ കാണാമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യമണിക്കുറുകളില്‍ മുന്നിട്ട് നിന്ന കാസര്‍കോട്ടെ ജയലക്ഷമി ഭട്ട് 9810വോട്ടുകള്‍ക്കാണ് എന്‍.എ നെല്ലിക്കുന്നിനോട് പരാജയപ്പെട്ടത്. മഞ്ചേശ്വരത്ത് 5864വോട്ടുകള്‍ക്ക് പി.ബി അബ്ദുല്‍ റസാഖിനോടാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുെട മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍  സി.പി.എമ്മിലെ വി.ശിവന്‍കുട്ടിയോട് 6415 വോട്ടുകള്‍ക്ക് തോല്‍വി സമ്മതിച്ചു.

അതൃപ്തരുമായി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്ചുതാന്ദന്‍. ശക്തമായ പ്രതിപക്ഷമായി നില്‍ക്കാനാണ് ആഗ്രഹം. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ ശക്തികള്‍ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. അഴിമതിക്കും മറ്റ് അനീതികള്‍ക്കും എതിരെ ഞാന്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ പാര്‍ട്ടിക്ക് പറ്റിയ തെറ്റ് കണ്ടെത്തി തിരുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ എതിര്‍ക്ഷികളുടെ ശക്തമായ പ്രതിപ്രവര്‍ത്തനം കാരണം ഇത് ജനങ്ങളിലേക്ക് എത്തിയില്ലെന്നും വി.എസ് അച്ചുതാന്ദന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍