ബംഗാളില്‍ ഇടതു യുഗാന്ത്യം;തമിഴ്‌നാട്ടില്‍ ജയലളിത

May 13, 2011 മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ ഭരണകക്ഷികള്‍ക്ക് തകര്‍പ്പന്‍ തിരിച്ചടി നേരിട്ടു. ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ഒലിച്ചുപോയത്. തമിഴ്‌നാട്ടില്‍ ആകട്ടെ കരുണാനിധിയുടെ ഡി.എം.കെയെയും കോണ്‍ഗ്രസിനെയും തീര്‍ത്തും നിഷ്പ്രഭമാക്കി ജയലളിത ഒറ്റക്കു തന്നെ തിളക്കമാര്‍ന്ന വിജയം നേടി. പുതുച്ചേരിയിലും ഡി.എം.കെ സഖ്യത്തിന് കനത്ത പരാജയം നേരിടേണ്ടി വന്നു. അതേസമയം അസമില്‍ കോണ്‍ഗ്രസ് ഹാട്രിക് വിജയത്തോട് അടുക്കുകയാണ്.

ബംഗാളില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യം 173 സീറ്റ് നേടി 294 അംഗ അംസബ്ലിയില്‍ വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. 52 സീറ്റില്‍ ഈ സഖ്യം വ്യക്തമായ ലീഡും നേടിയിട്ടുണ്ട്. ഭരണകക്ഷിയായ ഇടതുമുന്നണിയാവട്ടെ 50സീറ്റില്‍ ഒതുങ്ങി. വോട്ടെണ്ണല്‍ തുടരവെ 13 സീറ്റില്‍ മാത്രമാണ് സിപിഎം നേതൃത്വം നല്‍കുന്ന ഇടതിന് മുന്‍തൂക്കമുള്ളു. മുഖ്യമന്ത്രിയടക്കം മത്സരിച്ച 16 മന്ത്രിമാരും തറപറ്റി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബൂദ്ധദേവ് ഭട്ടാചാര്യ രാജിവെച്ചു.

തമിഴ്‌നാട്ടില്‍ 234 സീറ്റില്‍ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് 73 സീറ്റ് നേടി ശക്തി തെളിയിച്ചു. 129 സീറ്റില്‍ മുന്നണി മുന്നേറുകയാണ്. ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിന് 10 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. 22 സീറ്റില്‍ ഭരണമുന്നണി ലീഡ് തുടരുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി കരുണാനിധി രാജി വെച്ചു.

പുതുച്ചേരിയില്‍ എന്‍.ആര്‍ കോണ്‍ഗ്രസ്- എ.ഐ.എ.ഡ.എം.കെ സഖ്യം 20 സീറ്റ് നേടി ഭരണത്തിലെത്തി. 30 സീറ്റാണ് ഇവിടെയുള്ളത്. ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം 10 സീറ്റുകളിലൊതുങ്ങി.

അസമില്‍ 126 സീറ്റില്‍ കോണ്‍ഗ്രസ് ഒറ്റക്ക് 74 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എ.ജി.പിക്ക് 11 സീറ്റും ബിജെപിക്ക് 5 സീറ്റും ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍