ജയലളിത സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും

May 15, 2011 മറ്റുവാര്‍ത്തകള്‍

ചെന്നൈ: ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ മെയ് 16ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.15 ന് മറീന ബീച്ചിനരുകില്‍ മദ്രാസ് സര്‍വകലാശാലാ കാമ്പസിലുള്ള ശതാബ്ദി സ്മാരക ഹാളിലായിരിക്കും സത്യപ്രതിജ്ഞ.

ചെന്നൈയില്‍ റോയപ്പെട്ടയിലുള്ള എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി എം.എല്‍.എ. മാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. ഒ. പനീര്‍ശെല്‍വം, ഡി. ജയകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സീനിയര്‍ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ ജയലളിതയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയേ്തക്കും.

സെക്രട്ടേറിയറ്റും നിയമസഭയും സെന്‍റ് ജോര്‍ജ് കോട്ടയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ചെന്നൈയില്‍ തുടങ്ങി. കരുണാനിധി സര്‍ക്കാര്‍ പണിതീര്‍ത്ത പുതിയ നിയമസഭാ, സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ കാലെടുത്തു കുത്തില്ലെന്ന് ജയലളിത നേരത്തേ പ്രഖ്യാപിച്ചിരുന്നു.താന്‍ അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് സെന്‍റ് ജോര്‍ജ് കോട്ടയിലേക്ക് മാറ്റുമെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു.   ചെന്നൈയുടെ സിരാകേന്ദ്രമായ അണ്ണാശാലൈയില്‍ ഗവണ്‍മെന്‍റ് എസ്റ്റേറ്റിനുള്ളില്‍ നിലകൊള്ളുന്ന സമുച്ചയത്തിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മുഴുവന്‍ പണിയും തീരും മുമ്പ് തന്നെ കഴിഞ്ഞ മാര്‍ച്ചില്‍ കരുണാനിധി സര്‍ക്കാര്‍ ഈ സമുച്ചയത്തിന്റെ ഉദഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെക്കൊണ്ട് നിര്‍വഹിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനവും ഇവിടെത്തന്നെയാണ് ചേര്‍ന്നതെങ്കിലും ജയലളിത പങ്കെടുക്കാനെത്തിയിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍