മുഖ്യമന്ത്രി പദത്തിലേക്ക് മത്സരത്തിനില്ലെന്ന് ചെന്നിത്തല

May 15, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലേക്ക് മത്സരത്തിനില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നിയമസഭാകക്ഷിയോഗം ചേരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പത്ര-ദൃശ്യമാദ്ധ്യമങ്ങളില്‍ തനിയ്ക്കെതിരായി കുപ്രചരണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ്‌ താനിക്കാര്യം വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി താന്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്ത്‌ പ്രവര്‍ത്തിച്ചു വരികയാണ്‌. ഇത്രയും കാലവും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും, വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചു. ഇനിയും അത്‌ തുടരനാണ്‌ ആഗ്രഹം.  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ വേണ്ട എല്ലാവിധ പിന്തുണയും സഹകരണവും നല്‍കും. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകുന്നതിന്‌ എല്ലാ പ്രവര്‍ത്തകരും അഭിപ്രായവ്യത്യാസം മറന്ന്‌ പ്രവര്‍ത്തിക്കണമെന്നും രമേശ്‌ ചെന്നിത്തല നിര്‍ദ്ദേശിച്ചു.

ഉമ്മന്‍‌ചാണ്ടി തന്നെ ഏകകണ്ഠേന നിയമസഭാ കക്ഷി നേതാവാകും. ഒരു പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍