കര്‍ണാടക: ബി.ജെ.പി. നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും

May 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി/ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മുറുകുന്നു. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ. നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കാണുക. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കുമെന്നും ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് ധര്‍ണ തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്ത്രിതല യോഗം വിളിച്ചു. മന്ത്രിമാരായ എസ്.എം. കൃഷ്ണ, പി. ചിദംബരം, പ്രണബ് മുഖര്‍ജി, എ.കെ.ആന്റണി എന്നിവര്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് ഗവര്‍ണറെ ആയുധമാക്കുകയാണെന്ന് യെദ്യൂരപ്പ ആരോപിച്ചു. സര്‍ക്കാരിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തുമായി രാജ്ഭവനിലെത്തിയ ബി.ജെ.പി എം.എല്‍.എമാരെ കാണാന്‍പോലും ഗര്‍വര്‍ണര്‍ അനവദിച്ചില്ലലെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടുള്ള അവഹേളനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച്ചയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്ത് രാഷ്ട്രീയ സ്ഥിരതയുണ്ടാകും വരെ നിയമസഭ സസ്‌പെന്‍ഡ് ചെയ്യാനും (സസ്‌പെന്‍ഡഡ് ആനിമേഷന്‍) കേന്ദ്ര സര്‍ക്കാറിനയച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വമില്ലെന്നും ഭൂരിപക്ഷമുണ്ടെന്നും കാണിച്ച് യെദ്യൂരപ്പ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് അടിയന്തര സന്ദേശവും അയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം