ജയലളിത സര്‍ക്കാര്‍ അധികാരമേറ്റു

May 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. മന്ത്രിസഭ അധികാരമേറ്റു. 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സെന്റിനറി ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മുന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ എന്നീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡി.എം.കെ. ഭരണത്തില്‍ പൂര്‍ണമായും താറുമാറായ സംസ്ഥാനത്തെ ക്രമസാമാധാന നില പുനഃസ്ഥാപിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ ജയലളിത വ്യക്തമാക്കി. സാമ്പത്തിക സുസ്ഥിരത വീണ്ടെടുക്കാനും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുകെട്ടാനും രൂക്ഷമായ പവര്‍ കട്ടിനു ശ്വാശ്വത പരിഹാരം കാണാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡി.എം.കെ. ഭരണം ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ പാതയിലായിരുന്നു സംസ്ഥാനം. തമിഴകത്തെ വീണ്ടും പുരോഗതിയുടെയും വികസനത്തിന്റെയും വഴിയില്‍ തിരിച്ചാനയിക്കാനുള്ള ഉത്തരവാദിത്വമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം എ.ഐ.എ.ഡി.എം.കെ.ക്കുമേല്‍ എല്പിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ പ്രതീക്ഷ പൂര്‍ണമായും നിറവേറ്റുമെന്നും ജയലളിത പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം