ഐ.എം.എഫ് മേധാവിയെ ജയിലിലടച്ചു

May 17, 2011 മറ്റുവാര്‍ത്തകള്‍

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാനിനെ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലടച്ചു.  അമേരിക്കയില്‍ മാന്‍ഹാട്ടനിലെ ആഡംബര ഹോട്ടലിലെ ജീവനക്കാരിയായ 32കാരിയുടെ പരാതിപ്രകാരമാണ് ശനിയാഴ്ച കാനിനെ വിമാനത്തില്‍നിന്നിറക്കി അറസ്റ്റു ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

നേരത്തെ ന്യൂയോര്‍ക്ക് കോടതി ജാമ്യം കാനിന് നിഷേധിച്ചിരുന്നു. ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയാണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിക്കുമെന്നു വ്യക്തമാക്കി.  ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. അവരെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയിട്ടുമുണ്ട്.

കാനിനെതിരായ ലൈംഗികാരോപണങ്ങള്‍ ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സര്‍ക്കോസിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ കാനിനു കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് മത്സരരംഗത്തുനിന്ന് പിന്‍മാറേണ്ടിവരും. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയസാധ്യതയെയും അതു ബാധിക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍