സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

May 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാവരില്‍ നിന്നും നല്ല സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുക എന്നതാണു പ്രധാന ലക്ഷ്യം. ജനക്ഷേമ നടപടികള്‍ക്കു മുന്‍തൂക്കം നല്‍കും. ഘടകകക്ഷികളുടെ സമ്മര്‍ദം കോണ്‍ഗ്രസിനുമേല്‍ ഇല്ല.
എന്നാല്‍ ഘടകകക്ഷികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു സ്വാഭാവികമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മുഖ്യമന്ത്രിയെ കൂടാതെ കോണ്‍ഗ്രസ്സിന് ഒമ്പതും മുസ്‌ലിം ലീഗിന് നാലും കേരള കോണ്‍ഗ്രസ്സി (എം) ന് രണ്ടും മന്ത്രിസ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (പിള്ള), ആര്‍.എസ്.പി. എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും.
20 അംഗ മന്ത്രിസഭയായിരിക്കും യു.ഡി.എഫ്. രൂപവത്കരിക്കുക. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.പി.മോഹനന്‍, ടി.എം.ജേക്കബ്ബ്, കെ.ബി.ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം