ജിസാറ്റ്‌-8 ഭ്രമണപഥത്തിലെത്തി

May 22, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: വാര്‍ത്താവിനിമയ, ടിവി സംപ്രേഷണ രംഗത്തിന്‌ ഉണര്‍വേകി ഇന്ത്യയുടെ ജിസാറ്റ്‌-എട്ട്‌ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.08നു ഫ്രഞ്ച്‌ ഗയാനയിലെ കൗറുവില്‍ നിന്ന്‌ ഏരിയന്‍ 5 റോക്കറ്റാണ്‌ ഉപഗ്രഹവുമായി കുതിച്ചത്‌. ഡയറക്‌ട്‌ ടു ഹോം (ഡിടിഎച്ച്‌) ടിവി സംപ്രേഷണത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ്‌ ഇതു കളമൊരുക്കുക. ഇതോടെ, ഇന്ത്യന്‍ ദേശീയ ഉപഗ്രഹ സംവിധാനത്തില്‍ 24 ട്രാന്‍സ്‌പോണ്ടറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. നാലു മുതല്‍ ആറു വരെ ആഴ്‌ചയ്‌ക്കുള്ളില്‍ ഇവ സജ്‌ജമാകും. ജിഎസ്‌എല്‍വി വിക്ഷേപണ പരാജയത്തിനു ശേഷം വിജയകരമായി നടത്തിയ ജിസാറ്റ്‌-8 വിക്ഷേപണം ട്രാന്‍സ്‌പോണ്ടര്‍ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഐഎസ്‌ആര്‍ഒയ്‌ക്ക്‌ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും വഴിയൊരുക്കി.
ജിസാറ്റ്‌-8 സംഘത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ അഭിനന്ദിച്ചു. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണനെ ഫോണില്‍ വിളിച്ചാണ്‌ ആശംസകള്‍ നേര്‍ന്നത്‌. അഭിമാനകരമായ നിമിഷമാണിതെന്നു കെ. രാധാകൃഷ്‌ണന്‍ കൗറുവില്‍ പറഞ്ഞു. ഹാസനിലെ ഐഎസ്‌ആര്‍ഒ മാസ്‌റ്റര്‍ കണ്‍ട്രോള്‍ സംവിധാനത്തില്‍ ജിസാറ്റ്‌-8ല്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചതായും അറിയിച്ചു. പ്രവര്‍ത്തന നിയന്ത്രണവും ഇന്ത്യ ഏറ്റെടുത്തു.
വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന 151 ട്രാന്‍സ്‌പോണ്ടറുകളാണ്‌ ഇന്ത്യയ്‌ക്ക്‌ ഇപ്പോഴുള്ളത്‌. ജിസാറ്റ്‌-8 ചേരുന്നതോടെ ഇതു 175 ആയി ഉയരും. ഇന്‍സാറ്റ്‌-3ഇ, എസ്‌ടി-2 എന്നിവയ്‌ക്കൊപ്പം നിലയുറപ്പിക്കുന്ന ജിസാറ്റ്‌-8നു 12 വര്‍ഷത്തിലേറെയാണ്‌ ആയുസ്സ്‌ കണക്കാക്കുന്നത്‌. 3100 കിലോ ഭാരമുള്ള ഉപഗ്രഹം ബഹിരാകാശത്ത്‌ എത്തിക്കാന്‍ 600 കോടി രൂപയാണ്‌ ആകെ ചെലവ്‌. 250 കോടി ഉപഗ്രഹത്തിനു മാത്രം വണ്ടിവന്നു. 300 കോടി വിക്ഷേപണ ചെലവാണ്‌. 30 കോടി ഇന്‍ഷുറന്‍സിനും. ഏരിയന്‍ 5ന്റെ തുടര്‍ച്ചയായ 44-ാം വിജയഗാഥയാണിത്‌. ഇതുവരെ ഇന്ത്യയുടെ 14 ഉപഗ്രഹങ്ങളെ ലക്ഷ്യസ്‌ഥാനത്തെത്തിച്ച ഏരിയന്‍ ശ്രേണിയിലെ റോക്കറ്റുകളുടെ ആദ്യയാത്ര 1981ല്‍ ആയിരുന്നു. അടുത്തവര്‍ഷം ജിസാറ്റ്‌-10 ഉപഗ്രഹ യാത്രയ്‌ക്കുള്ള കരാറും നല്‍കിക്കഴിഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം