യോഗശാസ്‌ത്രവും ഗുരുനാഥനും

May 22, 2011 സനാതനം

– ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

അദ്ധ്യായം – 3
യോഗശാസ്‌ത്രവും ഗുരുനാഥനും
പ്രപഞ്ചോല്‌പത്തിയെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചതുമുതല്‍ തന്നെ മനുഷ്യന്‍ അവന്റെ ജീവിതത്തെപ്പറ്റിയും ചിന്തിക്കാന്‍ തുടങ്ങി. സംസ്‌കാരഭേദങ്ങള്‍ സമൂഹത്തിലുടലെടുത്തതും വിവിധചിന്താപദ്ധതികളായി വളര്‍ന്നതും ജീവിതത്തിന്റെ അര്‍ത്ഥവും ആഴവും കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു. വസ്‌തുവിനെ അധികരിച്ചും അതിജീവിച്ചുമുള്ള ചിന്തകള്‍ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അധികരിച്ചുള്ളവ ഭൗതികമായും അതിജീവിച്ചുള്ളവ ആദ്ധ്യാത്മികമായും വേര്‍തിരിഞ്ഞു. വസ്‌തുക്കളെപ്പറ്റി ചിന്തിക്കുന്നതിന്‌ വസ്‌തുക്കള്‍തന്നെ തയ്യാറായെന്നതിനെപ്പറ്റി ഇതേവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അദ്ധ്യാത്മവും ഭൗതികവുമായ ചിന്താപദ്ധതികള്‍ക്ക്‌ അടിസ്ഥാനമായി കാണുന്നത്‌ ജീവനെന്ന ഏകതത്ത്വമാണ്‌. മാധ്യമങ്ങളും ഉപാധികളും എന്തൊക്കെയായാലും ജീവിതത്ത്വത്തിന്റെ അനുസ്യൂതപ്രവാഹവും പ്രയാണവും തുടരുകതന്നെ ചെയ്യുന്നു. വസ്‌തുബോധത്തിലടിയുറച്ച ചിന്തയിലുണ്ടായതധികവും ക്ലേശങ്ങളും അവസാനമായി ദു:ഖവുമാണ്‌. എന്നാല്‍ ജീവന്‌ അല്‌പംപോലും അംഗീകരിക്കാന്‍ മനസ്സില്ലാത്ത അനുഭവമാണ്‌ ദു:ഖം ഈ ദുഃഖത്തിന്‌ പരിഹാരംകാണാനുള്ള പരിശ്രമം അനവരതം നടന്നുകൊണ്ടേയിരിക്കുന്നു. ശരീരത്തെ ഉപാധിയാക്കിയും ഉപയോഗപപ്പെടുത്തിയും വളര്‍ന്ന ശാസ്‌ത്രശാഖകള്‍ പലതും പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. പ്രസ്‌തുതശാസ്‌ത്രങ്ങളില്‍വച്ച്‌ അതീവപ്രായോഗികവും അര്‍ത്ഥഗര്‍ഭവുമായ ആശയങ്ങള്‍ ഉരുത്തിരിഞ്ഞത്‌ യോഗശാസ്‌ത്രത്തിലായിരുന്നു. പ്രാണന്‌ മുഖ്യസ്ഥാനം കൊടുത്തും ശരീരത്തെ മുഖ്യഉപാധിയാക്കിയുമുള്ള ഉപന്യാസമെന്നനിലയില്‍ യോഗശാസ്‌ത്രത്തിന്‌ ജീവന്റെ വിവിധ മണ്ഡലങ്ങളെപ്പറ്റി ചര്‍ച്ചചെയ്യേണ്ടി വന്നിട്ടുണ്ട്‌. ചപലചിന്തകള്‍കൊണ്ട്‌ ചഞ്ചലമായ മനുഷ്യമനസ്സും പരിമിതമായ അതിര്‍ത്തിവരമ്പുകള്‍ക്കുള്ളിലെ ബുദ്ധിയും പരിഹാരംനല്‍കാന്‍ തടസ്സം നില്‍ക്കുന്ന ഇന്ദ്രിയവിഷയങ്ങളുമെല്ലാം ചര്‍ച്ചയുടെ ഉപാധികളും ഉപകരണങ്ങളുമായിത്തീര്‍ന്നിട്ടുണ്ട്‌.
ജീവന്‍തന്നെയാണ്‌ ജീവന്റെ സുഖദുഃഖങ്ങളെ അന്വേഷിക്കുന്നതും പരിഹാരംകണ്ടെത്താന്‍ ശ്രമിക്കുന്നതും. പ്രജ്ഞാവികാസമെന്ന അത്യനര്‍ഘമായ പന്ഥാവിലൂടെയാണ്‌ ജീവന്റെ ദുഃഖപരിഹാരശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. തത്ത്വഗര്‍ഭങ്ങളും അര്‍ത്ഥബഹുലങ്ങളുമായ സംക്ഷിപ്‌തവാക്യങ്ങള്‍ യോഗശാസ്‌ത്രത്തിലെ നിരൂപണോപകരണങ്ങളായി ഉപയോഗപ്പെടുന്നു. ചിന്തിച്ചും ചിന്തിപ്പിച്ചും സാധാരണമനസ്സിനും ബുദ്ധിക്കും അസ്‌പഷ്‌ടമായ പലതും സോപാധികമായും നിരുപാധികമായും കണ്ടെത്തുവാനുള്ള പരിശ്രമമാണ്‌ യോഗശാസ്‌ത്രത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്‌. ബ്രഹ്മവിദ്യ അഥവാ ആത്മവിദ്യയെന്ന്‌ പ്രഖ്യാതമായ ലക്ഷ്യത്തിലേക്ക്‌ പുരോഗമിക്കുന്നതാണ്‌ യോഗശാസ്‌ത്രപഠനം. ചിന്തോദ്ദീപകങ്ങളും ഉപരിമണ്ഡലങ്ങളിലേക്ക്‌ പ്രകാശംചൊരിയുന്നതുമായ അനുഭവങ്ങള്‍ പലതും യോഗശാസ്‌ത്രങ്ങളില്‍ ചര്‍ച്ചചെയ്‌തിരിക്കുന്നു.
അന്തഃകരണവൃത്തിയോഗത്തിലൂടെയും അന്തഃകരണവിശദീകരണത്തിലൂടെയും ജീവന്റെ ദുഃഖകാരണം കണ്ടെത്തുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ശാസ്‌ത്രമെന്നനിലയില്‍ യോഗശാസ്‌ത്രം അതീവശ്രദ്ധയര്‍ഹിക്കുന്നു. യോഗശാസ്‌ത്രം സമ്പൂര്‍ണമായും പ്രായോഗികശാസ്‌ത്രമാണ്‌. ഗുരൂപദേശമാര്‍ഗേണയുള്ള ശ്രദ്ധായുക്തമായ പരിശീലനംകൊണ്ടേ യോഗപഠനം സ്വായത്തമാക്കാനാകൂ. അന്തഃപ്രജ്ഞയിലധിഷ്‌ഠിതമായിരിക്കുന്ന അന്വേഷണബുദ്ധി സ്ഥൂലശരീരം മുതലാരംഭിച്ച്‌ സൂക്ഷ്‌മം, കാരണം എന്നീ ശരീരഭേദങ്ങളില്‍ പ്രവര്‍ത്തിച്ച്‌ തുര്യാവസ്ഥയില്‍ പരിസമാപിക്കുന്ന ബൃഹത്തും മഹത്തുമായ ഒരു തത്ത്വവീഥിയാണ്‌ യോഗസിദ്ധാന്തം.
ജന്മവൈവിധ്യഹേതു
ഈ പറഞ്ഞ യോഗശാസ്‌ത്രദര്‍ശനം സാമാന്യതത്ത്വമാണെന്നിരിക്കിലും ഓരോ മനുഷ്യനിലും ലീനമായിക്കിടക്കുന്ന കര്‍മവാസനകളെ ആസ്‌പദിച്ചുള്ള വ്യത്യസ്‌തമാത്രകളോടുകൂടിയ വ്യതിയാനം ഇതുള്‍ക്കൊള്ളുന്നു. വ്യത്യസ്‌തങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കര്‍മവാസനകള്‍ ഉപാസകന്റെ തീവ്രതയും രൂഢതയുമനുസരിച്ച്‌ അനുഭവത്തില്‍ വ്യത്യസ്‌തശൈലികളായിത്തീരുന്നു. ആയതിനാല്‍ സൈദ്ധാന്തികമായ ഏകത്വം പ്രായോഗികതലത്തില്‍ പലപ്പോഴും സാധകന്‌ സംശയമുണ്ടാക്കിയെന്നു വരും. ഈ രംഗങ്ങളില്‍ ശാസ്‌ത്രഗ്രന്ഥങ്ങളെയൊന്നിനേയും പരിഹാരത്തിനുവേണ്ടി ആശ്രയിക്കുന്നതില്‍ പ്രയോജനമില്ല. ഗുരുവിന്റെ സാന്നിദ്ധ്യവും സഹായവും മാത്രമാണ്‌ ഈ വ്യത്യസ്‌തഭാവങ്ങളുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും പരിഹാരങ്ങള്‍ കാണാനും സഹായകമായിട്ടുള്ളത്‌.
(തുടരും)

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം