കോസ്റ്റ് ഗാര്‍ഡ് അക്കാഡമിക്ക് തറക്കല്ലിട്ടു

May 28, 2011 മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: രാജ്യത്തെ ആദ്യ തീരദേശ സേനാ പരിശീലന കേന്ദ്രത്തിന് കണ്ണൂരിലെ ഇരിണാവില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു.  കടല്‍ വഴിയുള്ള ഭീഷണിക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിത്. കോസ്റ്റ് ഗാര്‍ഡ് അക്കാഡമി ഏഷ്യയിലെ തന്നെ സുപ്രധാന സ്ഥാപനമായിരിക്കും. ദേശീയ സുരക്ഷയ്ക്കും അക്കാഡമിയുടെ പ്രവര്‍ത്തനം പ്രധാന പങ്കുവഹിക്കും.പ്രദേശത്തെ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും ആപത്തില്‍ സഹായിക്കാന്‍ സൈനികരുണ്ടാവും. വഞ്ചികളും ബോട്ടുകളും അപകടത്തില്‍ പെട്ടാല്‍ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും സഹായത്തിനെത്തുമെന്നും എ.കെ.ആന്‍ണി പറഞ്ഞു.

മന്ത്രിമാരായ കെ.സി.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, മുന്‍മന്ത്രി എളമരം കരീം, എം.പിമാര്‍, എം.എല്‍.എമാര്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാപ്പിനിശ്ശേരി, ഇരിണാവ് പ്രദേശത്തെ വളപട്ടണം പുഴയോരത്ത് വ്യാപിച്ച് കിടക്കുന്ന 164.22 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര മുഖേന വ്യവസായ വകുപ്പ് കോസ്റ്റ് ഗാര്‍ഡ് അക്കാഡമിയ്ക്കുവേണ്ടി പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയത്. ഏഴിമല നാവിക അക്കാദമിയുടെ സമീപ്യവും അഴീക്കല്‍ തുറമുഖവും പുതിയ അക്കാദമിക്ക് ഏറെ പ്രയോജനപ്പെടും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വൈമാനിക സൗകര്യവും അകലെയല്ലാതെ ലഭിക്കും. പാപ്പിനിശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പദ്ധതി പ്രദേശത്തേക്ക് മൂന്ന് കിലോമീറ്റര്‍ മാത്രമാണുള്ളത്. അക്കാദമിയിലേക്ക് റെയില്‍വേ സൗകര്യം ഒരുക്കുന്നതിനും സൗകര്യവും ഏറെയാണ്. കണ്ണൂര്‍ തളിപ്പറമ്പ് ദേശീയ പാതയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് പ്രദേശമുള്ളത്. ഈ ഘടകങ്ങളെല്ലാം തീരസേന പരിശീലന കേന്ദ്രത്തിനായി ഇരിണാവിനെ തിരഞ്ഞെടുത്തതിന് അനുകൂലമായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍