ഇന്ത്യ, പാക്ക്‌ പ്രതിരോധ സെക്രട്ടറിതല ചര്‍ച്ചയ്‌ക്കു തുടക്കം

May 30, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യ, പാക്കിസ്‌ഥാന്‍ പ്രതിരോധ സെക്രട്ടറിതല ചര്‍ച്ചയ്‌ക്കു ഡല്‍ഹിയില്‍ തുടക്കം. ഇന്ത്യ- പാക്ക്‌ അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനാണു ചര്‍ച്ചയില്‍ മുന്‍തൂക്കം നല്‍കുന്നത്‌. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഇരുരാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാര്‍ തമ്മിലുളള ചര്‍ച്ചയ്‌ക്ക്‌ കളമൊരുങ്ങിയത്‌.
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം ഭൂട്ടാനിലെ തിംഫുവില്‍ നടന്ന കൂടിക്കാഴ്‌ചയിലാണു സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചത്‌. ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ പ്രതിരോധ സെക്രട്ടറി പ്രദീപ്‌ കുമാര്‍ നയിക്കും. ലഫ. ജനറല്‍ സയ്യദ്‌ അധര്‍ അലിയുടെ നേതൃത്വത്തിലുളള സംഘമാണു പാകിസ്‌താനെ പ്രതിനിധീകരിക്കുന്നത്‌.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യൂദ്ധഭൂമിയായ സിയാച്ചിന്റെ നിയന്ത്രണം നിലവില്‍ ഇന്ത്യന്‍ സേനയുടെ കൈവശമാണ്‌. എന്നാല്‍ സിയാച്ചിന്റെ നിയന്ത്രണാവകാശം കൈക്കലാക്കാന്‍ സൈനികനീക്കം വരെ നടത്തിയിട്ടുള്ള പാക്കിസ്‌ഥാന്‍ ഇത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കവിഷയങ്ങളിലൊന്നായി ഉന്നയിച്ചു വരികയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം