സിഖ് കലാപം: വിചാരണ സപ്തംബര്‍ 21 ന്

May 31, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്രമന്ത്രി കമല്‍നാഥിനും പങ്കുണ്ടെന്നാരോപിച്ച് നല്‍കിയ കേസില്‍ വിചാരണയ്ക്ക് മുമ്പുള്ള വാദം സപ്തംബര്‍ 21-ന് യു.എസ് കോടതിയില്‍ തുടങ്ങും. കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ കമല്‍നാഥിനെ ലക്ഷ്യംവെച്ചു കഴിഞ്ഞ വര്‍ഷമാണ് കേസ് ഫയല്‍ ചെയ്തത്. പിന്നീടത് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയാവുകയായിരുന്നു. കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഹാജരാവണമെന്ന് അമേരിക്കന്‍ കോടതി പിന്നീട് ഉത്തരവിട്ടു. സിഖ് സമുദായത്തിനെതിരായ സംഘടിത ആക്രമണത്തിന് സഹായവും പ്രേരണയും നല്‍കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന സിഖ് സംഘടനയുടെ പരാതിയിലാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ ജില്ലാകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആരോപണം കമല്‍നാഥ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്‍ കമല്‍നാഥിനെ കുറ്റവിമുക്തനാക്കിയിരുന്നു. 1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തോടനുബന്ധിച്ചുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ 3296 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗികകണക്ക്..

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍