ഒന്നാംക്ലാസിലേക്ക് നാലരലക്ഷം കുരുന്നുകള്‍

June 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം : രണ്ടുമാസത്തെ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു. ഒന്നാംക്ലാസില്‍ ഇക്കുറിയെത്തുന്നത് നാലരലക്ഷം കുട്ടികളാണ്. ഇതില്‍ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്നവര്‍ എത്രയെന്ന കാര്യം അറിവായിട്ടില്ല.
കമ്മിറ്റികളും റിപ്പോര്‍ട്ടുകളും പലത് വന്നിട്ടും വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇക്കുറിയും തയ്യാറായിട്ടില്ല. കഴിഞ്ഞവര്‍ഷം തന്നെ നടപ്പാകേണ്ട ഈ നിയമം പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിലുമുള്ള കാലതാമസം മൂലം നീണ്ടുപോകുകയായിരുന്നു. വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശമായി നിശ്ചയിച്ചുകൊണ്ടുള്ള നിയമനിര്‍മാണമാണെങ്കിലും ഇത് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതാണ് പ്രധാനതടസം.
മലയാളം ഒന്നാം ഭാഷയാക്കുന്നതിന് മുന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്നാക്കം പോവുകയായിരുന്നു. ഒന്നാം ഭാഷയാക്കുമ്പോള്‍ കൂടുതലായി കണ്ടെത്തേണ്ട പീരിയഡുകള്‍ സംബന്ധിച്ചാണ് തര്‍ക്കം ഉയര്‍ന്നത്. ഈ ഉത്തരവ് നടപ്പാകാന്‍ ഇനി കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിവരും. തീരുമാനം നീണ്ടുപോകാനും ഇതിടയാക്കും.
പാഠപുസ്തക വിതരണം പൂര്‍ണമായും നടന്നിട്ടില്ല. എന്നാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലും മറ്റും എത്തിയിട്ടുണ്ട്. അച്ചടിശാലയില്‍ നിന്ന് നേരിട്ട് സ്‌കൂളുകളിലേക്ക് പുസ്തകം എത്തിക്കുകയാണ്. വിതരണത്തിന് തടസം വന്ന സ്ഥലങ്ങളില്‍ അവ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു. അച്ചടി പൂര്‍ത്തിയായതിനാല്‍ അവശേഷിക്കുന്ന പുസ്തക വിതരണവും താമസിയാതെ നടക്കും. പത്താംക്ലാസില്‍ ഇപ്രാവശ്യം പുതിയ പാഠപുസ്തകമാണ്. പതിവുപോലെ പരിഷ്‌കരിച്ച സാമൂഹ്യപാഠപുസ്തകം വിവാദമായിട്ടുണ്ട്. കത്തോലിക്കാ സഭയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്. പരാതി പരിശോധിക്കാന്‍ ബാബു പോള്‍ അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തകം സൗജന്യമാണ്. എന്നാല്‍ കേന്ദ്ര സിലബസ് സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് പുസ്തകങ്ങള്‍ക്കും ബുക്കുകള്‍ക്കുമായി ആയിരത്തിലധികം രൂപയാകും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മറ്റുപഠനസാമഗ്രികള്‍ക്കും വില ഇക്കുറി കൂടുതലാണ്. കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ആവര്‍ത്തിക്കുന്നതിനാല്‍ ഗതാഗത വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇവ എത്രത്തോളം നടപ്പാക്കുമെന്ന് കണ്ടറിയണം. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പോലീസിന്റെ ഇടപെടലും അനിവാര്യമാണ്.  സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ്. ജില്ലാ ഉപജില്ലാതലങ്ങളിലും പ്രവേശനോത്സവമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം