വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക്

June 1, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ബംഗ്ലാദേശ് കപ്പലിന് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു.
ആംസ്റ്റര്‍ഡാമില്‍ വിഷവസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. തുടര്‍ന്ന്് കപ്പല്‍ ആഫ്രിക്കയിലേക്ക് അയക്കുകയായിരുന്നു. നൈജീരിയയിലും ശ്രമം തുടര്‍ന്നെങ്കിലും ഒടുവില്‍ കപ്പലിലെ വിഷവസ്തുക്കള്‍ ഐവറി കോസ്റ്റ് തീരത്ത് ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 3 കോടി ഡോളറും സര്‍ക്കാരിന് പത്ത് കോടി ഡോളറും നല്‍കിയാണ് കപ്പലുടമകള്‍ കോടതിക്ക് പുറത്തുവെച്ച് 2006 ല്‍ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത്. ആസ്ബറ്റോസ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, വിഷാംശം അടങ്ങിയ പെയിന്റുകള്‍, എണ്ണ, രാസവസ്തുക്കള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്.
1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കപ്പലുകള്‍ പൊളിച്ച് ഇന്ത്യ അടുത്തകാലത്തായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം