ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍

June 2, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിലെ ജി. കാര്‍ത്തികേയന്‍ തിരഞ്ഞെടുക്കപ്പെട്ടു.  രാവിലെ സഭാഹാളില്‍ രഹസ്യബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി മുന്‍മന്ത്രി എ.കെ. ബാലനെയാണ് ജി. കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. സഭയിലെ 141 അംഗങ്ങളും വോട്ട് ചെയ്തു. ജി. കാര്‍ത്തികേയന് 73 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ.കെ. ബാലന് 68 വോട്ടുകളേ ലഭിച്ചുള്ളൂ.
അച്ചടിച്ച ബാലറ്റിലാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. എം.എല്‍.എ. മാരുടെ പേരുവിളിച്ച മുറയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. പിന്നീട് പെട്ടി തുറന്ന് ഇരുപക്ഷത്തെ നേതാക്കന്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഇവ തരംതിരിച്ച് എണ്ണി. എല്‍.ഡി.എഫിന്റെ വി ശിവന്‍കുട്ടിയും യു.ഡി.എഫിന്റെ കെ.സി ജോസഫും ആണ് വോട്ടെണ്ണലിന് സാക്ഷികളായത്.  ജി. കാര്‍ത്തികേയന്‍ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് നിയമസഭാ സെക്രട്ടറി പ്രോംടെം സ്പീക്കറോട് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം