ആപ്പിള്‍ ഡേ: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

June 2, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ഫ്ലാറ്റ്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നിക്ഷേപകരില്‍ നിന്നും പണം തട്ടിയ കേസില്‍ ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകളുടെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് തള്ളി. ഇതിന്റെ പേരില്‍ വന്‍തട്ടിപ്പ്‌ നടത്തിയിട്ടുണ്ടെന്നും എറണാകുളം സെഷന്‍സ്‌ കോടതി വ്യക്തമാക്കി.അഞ്ചു വര്‍ഷത്തിനിടെ ഒരു ഫ്ലാറ്റു പോലും നിര്‍മിച്ച നല്‍കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. രണ്ടായിരത്തോളം കേസുകളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും ജഡ്ജി ബി. കമാല്‍ പാഷ വ്യക്തമാക്കി.ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടീസിന്റെ പതിമൂന്ന് പദ്ധതികളാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 31 കോടി രൂപ മതിയെന്ന് ഉടമകള്‍ കോടതിയെ അറിയിച്ചു. എല്‍.ഐ.സിയില്‍ നിന്നും ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പകള്‍ ഉറപ്പായിട്ടുണ്ടെന്നും ഉടമകള്‍ കോടതിയെ അറിയിച്ചു.എല്‍.ഐ.സി ഹൌസിങ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 25 കോടി രൂപയും ഫെഡറല്‍ ബാങ്കീല്‍ നിന്നും പത്ത് കോടി രൂപയുടെയും വായ്പകളാണ് തരപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ രേഖകളും ഉടമകള്‍ കോടതിയില്‍ ഹാജരാക്കി. 150 കോടി രൂപയുടെ തട്ടിപ്പ് ആപ്പിള്‍ ഡേ ഉടമകള്‍ നടത്തിയതെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.എന്നാല്‍ പോലിസ് നല്‍കിയ രേഖകള്‍ വ്യാജമാണെന്നും ഉടമകള്‍ കോടതിയെ അറിയിച്ചു. നേരത്തെ നൂറ് കോടി രൂപ കെട്ടിവയ്ക്കാന്‍ തയ്യാറുണ്ടോയെന്ന് ആപ്പിള്‍ ഉടമകളോട് കോടതി ചോദിച്ചിരുന്നു. ഈ തുക കെട്ടിവയ്ക്കാന്‍ തയാറല്ലെന്ന നിലപാടാണ് ഉടമകളുടേത്. പ്രതികള്‍ക്ക് എതിരെയുള്ളത് ഗൗരവപ്പെട്ട വഞ്ചനാക്കുറ്റമാണെന്ന് സര്‍ക്കാരിന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ ടി.ബി. ഗഫൂര്‍ ഇന്നും ആവര്‍ത്തിച്ചു. നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് പ്രതികള്‍ നിരവധി പേരെ വഞ്ചിക്കുകയാണ് ചെയ്തതെന്നു ഗഫൂര്‍ വാദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം