ചേരി വികസനത്തിന് 1000 കോടിയുടെ പദ്ധതി

June 2, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ചേരികളുടെ വികസനം അടിസ്ഥാനമാക്കിയുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 250 നഗരങ്ങളിലെ ചേരികളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ചേരികളിലെ വീടുകള്‍ പുനരുദ്ധരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിപാടിയാണ് രാജീവ് ആവാസ് യോജന എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി പി.ചിദംബരം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചേരികളിലെ നരകജീവിതം അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചിദംബരം പറഞ്ഞു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ വസിക്കുന്ന നഗരങ്ങൡലാണ് പദ്ധതി നടപ്പിലാക്കുക.
ഇതുപ്രകാരം ചേരിയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പുതിയ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയും ചെയ്യും. ആയിരം കോടിയാണ് പദ്ധതിയ്ക്കായി കണ്ടെത്തുക. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും ബാക്കി തുക കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം