കള്ളപ്പണക്കേസില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണം: ബാബ രാംദേവ്

June 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ കുറ്റവാളികളെന്നു തെളിയുന്നവര്‍ക്കു വധശിക്ഷ നല്‍കണമെന്നു ബാബ രാംദേവ്. കള്ളപ്പണം കുമിഞ്ഞു കൂട്ടുന്നവര്‍ ചതിയന്മാരാണ്. “അഴിമതി തുടച്ചു നീക്കൂ, കള്ളപ്പണം തിരികെ കൊണ്ടു വരൂ’ എന്നാണു വെള്ളിയാഴ്ച രാം ലീല മൈതാനിയില്‍ തുടങ്ങുന്ന നിരാഹാര സമരത്തിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതു വരെയാകും നിരാഹാരമനുഷ്ഠിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കണം. മൂന്നര കോടി കേസുകളാണു കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇവയുടെ കൂട്ടത്തില്‍ കള്ളപ്പണക്കേസുകള്‍ വിചാരണ ചെയ്താല്‍ കുറ്റവാളികളെ പെട്ടെന്നു നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകില്ല. കള്ളപ്പണം മുഴുവന്‍ തിരികെ കൊണ്ടുവന്നാല്‍ ഇന്ത്യ ലോക ശക്തിയായി മാറും, ദാരിദ്ര്യം ഇല്ലാതാകും. സമരത്തിനു അതിരു കവിഞ്ഞ പിന്തുണയര്‍പ്പിച്ചു വരുന്നവരെ അനുമോദിക്കുന്നു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടിയാണു സമരാനുകൂലികള്‍ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്ന്‌ പിന്മാറാന്‍ തീരുമാനമില്ലെന്ന്‌ യോഗാചാര്യന്‍ ബാബ രാംദേവ്‌ ഇന്നും വ്യക്തമാക്കിയതോടെ കേന്ദ്രം കൂടുതല്‍ അങ്കലാപ്പിലായി. രാംദേവുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാരെല്ലാം തന്നെ തങ്ങളുടെ യാത്രകള്‍ മാറ്റിവച്ച്‌ ദല്‍ഹിയില്‍ തങ്ങുകയാണ്‌.

ബാബയുമായുള്ള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി കൊല്‍ക്കത്തയിലേക്കുള്ള യാത്ര റദ്ദാക്കി. നിയമമന്ത്രി വീരപ്പ മൊയ്‌ലിയും മംഗലാപുരത്തേയ്ക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്‌. അന്ന ഹസാരെയുടെ സമരത്തിന്‌ ലഭിച്ച ജനപിന്തുണ രാംദേവിനും ലഭിക്കുകയാണെങ്കില്‍ സര്‍ക്കാരിനെ അത്‌ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന കാര്യം മനസിലാക്കിയാണ്‌ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക്‌ കേന്ദ്രം പ്രണബിനെ നിയോഗിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം