ബാബ രാംദേവിനെ അറസ്റ്റ് ചെയ്തു

June 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനും എതിരെ നിരാഹാര സമരം നടത്തിയ ബാബ രാംദേവിനെ പോലീസ് അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. അര്‍ദ്ധരാത്രി 1.10 ഓടെയാണു പോലീസ് നടപടി. രാംദേവിനെ ഹരിദ്വാറിലേക്കു കൊണ്ടു പോയെന്നാണു റിപ്പോര്‍ട്ട്. അഞ്ചു കമ്പനി ദ്രുതകര്‍മ സേനയും ദല്‍ഹി പൊലീസും സംയുക്തമായാണു നടപടി സ്വീകരിച്ചത്. എന്നാല്‍ ബാബയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു ദല്‍ഹി പോലീസ് കമ്മിഷണര്‍ ബി.കെ. ഗുപ്ത അറിയിച്ചു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിഷേധിച്ചു. പോലീസ് രാംദേവിനെ തട്ടിക്കൊണ്ടുപോയതായി ഇദ്ദേഹത്തിന്റെ അനുയായി തിജരവാല പറഞ്ഞു. രാംദേവിന്റെ സുരക്ഷയ്ക്കും മോചനത്തിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് ചെറുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരേ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. രാംലീല മൈതാനിയില്‍ എത്തിയ പോലീസ് നിരാഹാര സമരം അവസാനിപ്പിക്കണമെന്നു രാംദേവിനോട് ആവശ്യപ്പെട്ടു. ഇതു നിരാകരിച്ചതിനെത്തുടര്‍ന്നാണു നടപടി. തന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നു രാംദേവ് പ്രവര്‍ത്തകരോടു പറഞ്ഞു. തുടര്‍ന്ന് അണികളുടെ പ്രതിരോധനിര തീര്‍ത്തു. രാംലീല മൈതാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൈതാനിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. രാംലീല മൈതാനിയില്‍ യോഗ ക്യാംപ് നടത്താനുള്ള അനുമതിയും പോലീസ് പിന്‍വലിച്ചു. രാംലീലയിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. വൈകുന്നേരത്തിനുള്ളില്‍ പന്തല്‍ പൊളിച്ചു നീക്കാന്‍ സംഘാടകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം