ഹിന്ദു വര്‍ഗീയവാദിയല്ല

June 6, 2011 ഉത്തിഷ്ഠത ജാഗ്രത

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി

രാഷ്‌ട്രീയം, സംസ്‌കാരം, സാമ്പത്തികക്രമീകരണം

എന്നിവ ഒരുമിച്ചുനില്‌ക്കണം

(തുടര്‍ച്ച)

ഈശ്വരനും മതവും മനുഷ്യപുരോഗതിക്കു തടസ്സമാണെന്നു കരുതി വളര്‍ത്തിയെടുത്ത സിദ്ധാന്തങ്ങളില്‍ തീസിസ്‌, ആന്റിതീസിസ്‌, സിന്തസിസ്‌ എന്നിങ്ങനെ അറിയപ്പെടുന്ന പ്രസിദ്ധങ്ങളായ കമ്മ്യൂണിസ്റ്റുസിദ്ധാന്തഘടകങ്ങള്‍ (Diallectical Materialism) നിര്‍മിച്ച ഉരുക്കുമറകളും കറുത്ത കര്‍ട്ടനും കരിങ്കല്‍ഭിത്തികളും റഷ്യയില്‍ പൊട്ടിത്തെറിച്ചു. സംസ്‌കാരധാരയില്‍നിന്ന്‌ അകന്നുനിന്നുകൊണ്ട്‌ രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ തുനിഞ്ഞതിന്റെ പരുഷവും അപഹാസ്യവുമായ ചിത്രമാണത്‌. അതേ കാരണംകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റു ചൈനയില്‍ അടുത്ത കാലത്ത്‌ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യാവകാശത്തെപ്പറ്റിയും ഓര്‍ക്കേണ്ടതുണ്ട്‌. സാമ്പത്തിക ക്രമീകരണത്തിന്‌ സംസ്‌കാര പാരമ്പര്യത്തെ വെട്ടിമുറിക്കണമെന്നും പിച്ചിച്ചീന്തണമെന്നുമാഗ്രഹിച്ച രാഷ്‌ട്രീയമീമാംസകര്‍ രാഷ്‌ട്രീയത്തിന്റെ ശവംതീനി കഴുകന്മാരായി രാഷ്‌ട്രീയ നഭോമണ്‌ഡലത്തില്‍ ഇന്നും വിഹരിക്കുന്നുണ്ട്‌. കാലാകാലങ്ങളില്‍ രാഷ്‌ട്രീയ മസ്‌തിഷ്‌കത്തിലും സിരകളിലും കുത്തിവയ്‌ക്കുന്ന അന്തര്‍ദേശീയവും ദേശീയവുമായ വിഷമരുന്നുകളില്‍ മയങ്ങിയും മരിച്ചും കഴിയുന്ന പാര്‍ട്ടികളും രാഷ്‌ട്രമീമാംസകരും ധാരാളമുണ്ട്‌. അത്തരം രാഷ്‌ട്രീയ ശരീരങ്ങളില്‍നിന്നും കൊത്തിവിഴുങ്ങുന്ന മാംസക്കഷണങ്ങള്‍ തിന്ന്‌ കരുത്തുറ്റ കഴുകന്മാര്‍ മരിക്കാത്ത ഹിന്ദുവിനോടു വിരോധം കാട്ടും. മരിച്ചെങ്കില്‍ മാംസം ഭക്ഷിക്കാമെന്ന കൊതിയാണുള്ളില്‍. ഭാരതത്തിന്റെ `സമദൃഗ്‌ജ്യോതിസ്സിലും തട്ടിയോ തവ നിഴല്‍ രാഷ്‌ട്രീയക്കെടു ഗര്‍വേ’ എന്ന്‌ അല്‌പം ചില മാറ്റത്തോടുകൂടി കവിവാക്യത്തെ അവതരിപ്പിക്കുന്നത്‌ ഭാരതത്തിന്റെ ഇന്നത്തെ രാഷ്‌ട്രീയസ്ഥിതിക്കു യോജിക്കുന്നതാണ്‌. അഹിംസ ശക്തിഹീനതയല്ല; അടിമത്തമല്ല; സ്വയം ഹിംസിക്കപ്പെടുന്നതിന്‌ അനുവാദം നല്‌കുന്ന ആശയവുമല്ല. ഭീരുത്വം പ്രചരിപ്പിക്കുന്ന സിദ്ധാന്തമല്ല അഹിംസ യെന്നു ഭാരതീയ ഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നുണ്ട്‌. സ്വാര്‍ഥത, അധികാരം, അനാശാസ്യമായ സമ്പത്ത്‌ തുടങ്ങി മനുഷ്യത്വത്തെ മാദകവും മാരകവുമാക്കിതീര്‍ക്കുന്ന രാഷ്‌ട്രീയപ്രകൃതിയില്‍നിന്നു മാറി നിന്നുകൊണ്ട്‌ ധര്‍മസമരമേറ്റെടുത്ത ഹിന്ദു വര്‍ഗീയവാദിയോ? ഇന്ത്യ നേടിയ സ്വാതന്ത്ര്യം ഈ അര്‍ഥമാണോ കണ്ടെത്തുന്നത്‌? മുസ്ലീം രാഷ്‌ട്രങ്ങളില്‍ ഒരിടത്തുംതന്നെ മതനിരപേക്ഷത കാണുവാനില്ല. വിഭജനകാലത്ത്‌ പാക്കിസ്ഥാനിലുണ്ടായിരുന്ന 23.5% ഹിന്ദു ഇന്ന്‌ 0.5% പോലുമില്ല. സ്വാതന്ത്ര്യസമരകാലത്ത്‌ സ്വാതന്ത്ര്യത്തിനെതിരെ ആശയപ്രചാരണം നടത്തിയ ലീഗ്‌ ഇന്ന്‌ വര്‍ഗീയവിരുദ്ധതയുടെ രാഷ്‌ട്രീയ പാളയത്തിലാണ്‌. അന്തരീക്ഷം അനുകൂലമായാലും പ്രതികൂലമായാലും സ്വന്തം മതത്തിനും സംഘടനയ്‌ക്കും മാത്രം സുഖം വേണമെന്നാഗ്രഹിക്കുന്ന പ്രവണത രാജ്യതന്ത്രജ്ഞതയല്ല. ഔറംഗസീബ്‌ ഹിന്ദുക്കളില്‍നിന്നും പിരിച്ചെടുത്ത ജസ്സിയ എന്നു പേരുള്ള മതക്കരമുള്‍പ്പെടെ വര്‍ഗീയവാദത്തിന്റെ വിഷമയാസ്‌ത്രങ്ങളല്ലേ തൊടുത്തുവിട്ടത്‌? ഇതു സഹിക്കുന്ന ഹിന്ദു `സെക്കുലറിസ്റ്റു’ഹിന്ദുവും അതു തെറ്റെന്നു വാദിക്കുന്ന ഹിന്ദു `വര്‍ഗീയവാദി’യുമാണുപോലും. ഇതാണോ സ്വതന്ത്ര ഭാരതത്തിലെ ഭരണഘടനാ നയപ്രഖ്യാപനം?

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത