ബാബ രാംദേവിന്റെ അറസ്റ്റ്: കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌

June 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതിയ്ക്കെതിരെ നിരാഹാര സമരം നടത്തിവന്ന യോഗാചാര്യന്‍ ബാബ രാംദേവിനെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ച പൊലീസ്‌ നടപടിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പോലീസിനും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ്‌ കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ജസ്റ്റിസുമാരായ ബി.എസ് ചൌഹാന്‍, സ്വതന്ത്രകുമാര്‍ എന്നിവര്‍ നോട്ടീസ് അയയ്ക്കാന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നു. രാംദേവിന്റെ അറസ്റ്റിനെതിരെ അജയ് അഗര്‍വാള്‍ എന്ന അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിക്കാന്‍ സുപ്രീംകോടതി തയാറായില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. സമാധാനപരമായി സമരം നടത്തുകയായിരുന്ന ബാബ രാംദേവിനെയും അനുയായികളെയും യാതൊരു പ്രകോപനവുമില്ലാതെ എന്തിനാണ്‌ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചതെന്ന്‌ വിശദീകരിക്കാനാണ്‌ കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, ദല്‍ഹി ചീഫ് സെക്രട്ടറി, ദല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ രണ്ടാം വാരം കേസ് പരിഗണിക്കും. അതിന് മുമ്പ് മറുപടി നല്‍കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം