പോലീസ് നടപടി നിര്‍ഭാഗ്യകരവും ജനാധിപത്യത്തിനേറ്റ കളങ്കവും: ബാബാ രാംദേവ്

June 7, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഹരിദ്വാര്‍: സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് യോഗ ഗരു രാംദേവ് അറിയിച്ചു. രാംലീല മൈതാനിയിലെ പോലീസ് നടപടി നിര്‍ഭാഗ്യകരമായി പോയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മാപ്പ് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തിനും ഇന്ത്യയുടെ മഹത്തായ ചരിത്രത്തിനും ഏല്‍പിച്ച കളങ്കത്തിന് ലോകം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല.
പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിങ് വിശ്വസ്തനാണ്. എന്നാല്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയ്ക്ക് മേല്‍ ചില ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. ഹരിദ്വാറില്‍ താന്‍ നടത്തിവരുന്ന നിരാഹാരം തുടരും. അനുയായികള്‍ക്ക് വേണമെങ്കില്‍ സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.  സമാധാനപരമായ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന്‌ കളങ്കമാണ്‌. ഇതിന്‌ ലോകം മാപ്പു നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാംലീല മൈതാനത്ത്‌ പൊലീസ്‌ നടത്തിയത്‌ നരനായാട്ട്‌ തന്നെയാണ്‌. എന്റെ ജീവന്‍ വരെ അപപകടത്തിലാക്കാന്‍ ഗൂഢാലോചന നടന്നു. എന്നാല്‍ പൊലീസിന്റെ ഈ ചെയ്‌തികള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്‌ മാപ്പു നല്‍കുകയാണ്‌ – ബാബ രാംദേവ്‌ പറഞ്ഞു. സമരപ്പന്തലില്‍ പണം നല്‍കി തങ്ങള്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചിരുന്നു. പോലീസ്‌ സമരക്കാര്‍ക്കെതിരെ അതിക്രമം നടത്തിയില്ലെങ്കില്‍ എന്തിനാണ്‌ സമരക്കാരില്‍ നിന്ന്‌ ടി.വിയിലെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി പിടിച്ചു വാങ്ങിയതെന്നും ബാബ രാംദേവ്‌ ചോദിച്ചു. പോലീസുകാര്‍ പിന്നീട്‌ ആ സി.ഡി എഡിറ്റ്‌ ചെയ്‌ത്‌ പുറത്തു വിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം