വെല്ലൂരില്‍ ബസ്സിന് തീപിടിച്ച് 22 യാത്രക്കാര്‍ പൊള്ളലേറ്റു മരിച്ചു

June 8, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് സ്വകാര്യബസ്സിന് തീപിടിച്ച് ബസ്സിലുണ്ടായിരുന്ന 22 പേര്‍ വെന്തുമരിച്ചു. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പലരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞു. രാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ചൊവ്വാഴ്ച രാത്രി വൈകിയാണ് ദുരന്തമുണ്ടായത്. ചെന്നൈയില്‍ നിന്ന് തിരുപ്പൂരിലേയ്ക്ക് പോവുകയായിരുന്ന കെ.പി.എന്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്. ബസ്സിലുണ്ടായിരുന്ന 24 പേരില്‍ ഡ്രൈവറും ഒരു യാത്രക്കാരനുമൊഴികെ എല്ലാവരും മരിച്ചു. ഡ്രൈവര്‍ നാഗരാജന്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.
കാര്‍ത്തിക്ക് രാജ എന്ന യാത്രക്കാരന് മാത്രമാണ് രക്ഷപ്പെടാനായത്. ബസ്സിന്റെ ചില്ല് പൊളിച്ചാണ് രക്ഷപ്പെട്ടതെന്ന് കാര്‍ത്തിക്ക് പറഞ്ഞു. ഇയാളുടെ ഭാര്യ സ്മിത അപകടത്തില്‍ മരിച്ചു.
വേഗത്തില്‍ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഒരു പാലത്തിലിടിച്ച ശേഷം മറിയുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. കാഞ്ചീപുരത്തിനടുത്ത് ആവളൂര്‍പേട്ട് ഗ്രാമത്തിന് സമീപമുള്ള ഒരു പാലത്തിലാണ് ബസ് ഇടിച്ചത്.
എതിരെ വന്ന രണ്ട് ലോറികളെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ്സിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള ഒരാള്‍ പോലീസിന് മൊഴി നല്‍കി. ഇയാളെ കാഞ്ചീപുരം സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം