എട്ടാം ക്ലാസിലെ 55000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍

June 10, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍. സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി പട്ടികജാതി-വിനോദസഞ്ചാര വകുപ്പുകളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
55,000 വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നത്. 16 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഓണത്തോടെ ആദ്യഘട്ടം വിതരണം നടത്തും. ഈ അധ്യയന വര്‍ഷം തന്നെ എല്ലാപേര്‍ക്കും സൈക്കിളുകള്‍ നല്‍കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സംവരണമില്ലാതെ തന്നെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള വിഷന്‍ 2013 പദ്ധതിക്ക് തുടക്കം കുറിക്കും.
കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ എ, എ പ്ലസ് ഗ്രേഡുകള്‍ ലഭിച്ച എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി എന്‍ട്രന്‍സ് കോച്ചിങ് നല്‍കും. 2013 ലെ എന്‍ട്രന്‍സ് പരീക്ഷക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം. ജില്ലാതലങ്ങളില്‍ മികച്ച പരിശീലന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ട്യൂഷന്‍ ഫീസ് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് യാത്രാച്ചെലവും നല്‍കും. രണ്ടുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ 90 പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലുകളോടനുബന്ധിച്ച് ലൈബ്രറികള്‍ സ്ഥാപിക്കും. കമ്പ്യൂട്ടര്‍, ഇന്‍റര്‍ നെറ്റ് സംവിധാനവും ഒരുക്കും. 140 നിയോജകമണ്ഡലങ്ങളിലും വിജ്ഞാന്‍ വാടി കമ്യൂണിറ്റി ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. എല്ലാ എം.എല്‍.എമാര്‍ക്കും തങ്ങളുടെ മണ്ഡലത്തില്‍പ്പെട്ട എതെങ്കിലും ഒരു പട്ടികജാതി സെറ്റില്‍മെന്‍റ് പദ്ധതി നടപ്പാക്കാനായി നിര്‍ദേശിക്കാം.
ഇവിടെ കമ്യൂണിറ്റി സെന്‍റര്‍ ഉണ്ടെങ്കില്‍ ലൈബ്രറി, റീഡിങ് റൂം, ദിനപത്രങ്ങള്‍, പ്രമുഖ ആനുകാലികങ്ങള്‍, ഇന്‍റര്‍നെറ്റ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടറുകള്‍ എന്നിവ അനുവദിക്കും. കെട്ടിടമില്ലെങ്കില്‍ സ്ഥലം ലഭ്യമാക്കിയാല്‍ കെട്ടിട നിര്‍മാണത്തിനുള്ള പണം നല്‍കും. പിന്നാക്ക വികസനത്തിനായി നല്‍കുന്ന വിദ്യാഭ്യാസവായ്പയുടെ പരിധി രണ്ടുലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമായി ഉയര്‍ത്തി. നൂറു ദിവസത്തിനകത്ത് അപേക്ഷിക്കുന്നവര്‍ക്ക് മുതല്‍ ഇത് ലഭ്യമാക്കും -മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍