ഇന്ത്യന്‍ വിജയം തടയാന്‍ മഴയ്ക്കായില്ല

June 10, 2011 കായികം

പോര്‍ട്ട്‌ ഓഫ്‌ സ്പെയിന്‍: ഇന്ത്യന്‍ ജയം തടയാന്‍ മഴയ്ക്കുമായില്ല. മഴമൂലം രണ്ടാം ഏകദിന മത്സരം രണ്ടു തവണ നിര്‍ത്തി വെക്കേണ്ടി വന്നെങ്കിലും ഏഴു വിക്കറ്റിന്‌ ഇന്ത്യ വീന്‍ഡീസിനെ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നിലെത്തി.
ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ വിന്‍ഡീസ്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 240 റംസെടുത്തു. മഴമൂലം തടസ്സപ്പെട്ട കളിയില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 183 റണ്‍സായി പുനര്‍ നിര്‍ണ്ണയിച്ചു. ഇരുപതു പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
മികച്ച പ്രകടനം കാഴ്ചവെച്ച വിരാട്‌ കോഹ്ലിയുടെയും പാര്‍ത്ഥിവ്‌ പട്ടേലിന്റെയും കരുത്തിലാണ്‌ ഇന്ത്യ വിജയക്കുതിപ്പ്‌ നടത്തിയത്‌. തുടക്കത്തില്‍തന്നെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (3) പുറത്തായെങ്കിലും പാര്‍ത്ഥിവും കോഹ്ലിയും ചേര്‍ന്ന്‌ വിന്‍ഡീസിന്റെ വിജയ സ്വപ്നം തല്ലിത്തകര്‍ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന്‌ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. ആദ്യ കളിയില്‍ പരാജയപ്പെട്ട കോഹ്ലി രണ്ടാം മത്സരത്തില്‍ അതിന്‌ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ടിനെ പരിക്കാനായില്ല. ആറ്‌ ബൗണ്ടറിയുടെയും ഒരു സിക്സറും പറത്തിയ കോഹ്ലി 81 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ഐപിഎല്‍-ല്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കോഹ്ലി തന്റെ ഫോമിന്‌ കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ തെളിയിച്ചുകൊടുത്തു. അപകടകരങ്ങളല്ലാത്ത പന്തുകള്‍ തെരഞ്ഞെടുത്ത്‌ കളിച്ച കോഹ്ലിയെ തളയ്ക്കുക എളുപ്പമായിരുന്നില്ല. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ 56 റണ്‍സെടുത്ത പാര്‍ത്ഥിവ്‌ പട്ടേലിനെ മാര്‍ട്ടിന്‍ പുറത്താക്കിയതോടെയാണ്‌ ഈ സഖ്യം പരിഞ്ഞത്‌. 64 പന്തില്‍നിന്നും രണ്ട്‌ ബൗണ്ടറികളുടെയും രണ്ട്‌ സിക്സറുകളുടെയും കരുത്തിലാണ്‌ പാര്‍ത്ഥിവ്‌ 56 റണ്‍സെടുത്തത്‌. പട്ടേല്‍ മടങ്ങിയശേഷം സുരേഷ്‌ റെയ്നയൊടൊപ്പം കോഹ്ലി ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. സ്കോര്‍ 173-ല്‍ എത്തിയ ശേഷമാണ്‌ കോഹ്ലി പുറത്തായത്‌. ബിഷുവിന്റെ പന്തില്‍ പൊളാര്‍ഡിന്‌ പിടിനല്‍കിയാണ്‌ കോഹ്ലി മടങ്ങിയത്‌. തുടര്‍ന്ന്‌ റെയ്നയും രോഹിത്ശര്‍മ്മയും ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം