മുംബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

June 12, 2011 ദേശീയം

മുംബൈ: നഗരത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെ.ഡെ എന്നറിയപ്പെട്ട ജ്യോതിര്‍മയി ഡെ (56) വെടിയേറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പവായിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം അജ്ഞാതരായ നാലുപേരാണ് വെടിവെച്ചത്. രണ്ട്‌ബൈക്കുകളിലായെത്തിയ സംഘം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ജെ.ഡെയെ പുറകില്‍നിന്നാണ് വെടിവെച്ചത്. നാലു വെടിയുണ്ടകള്‍ ഏറ്റ അദ്ദേഹത്തെ ഉടന്‍ അടുത്തുള്ള ഹിരാനന്ദാരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.
അധോലോക സംഘമായിരിക്കും കൊലയ്ക്കു പിന്നില്‍ എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തിലെ പത്രപ്രവര്‍ത്തക ലോകത്തെ ഈ സംഭവം ഞെട്ടിച്ചു. മുംബൈയിലെ ഉച്ചപ്പത്രമായ ‘മിഡ് ഡേ’ യില്‍ ക്രൈം എഡിറ്റര്‍ ആയിരുന്നു ജെ.ഡെ. 20 വര്‍ഷമായി ജെ.ഡെ മുംബൈയിലെ വിവിധ പത്രങ്ങളില്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു. അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അധോലോക-പൊലീസ് ബന്ധങ്ങളെക്കുറിച്ചും എണ്ണ മാഫിയയുമയി ബന്ധപ്പെട്ട വാര്‍ത്തകളും നിരന്തരം എഴുതി ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ സ്വന്തം സ്ഥാനമുണ്ടാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം.
അടുത്തിടെ അദ്ദേഹം എഴുതിയ ഓയില്‍ മാഫിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. മുംബൈ അധോലോകത്തെക്കുറിച്ച് ജെ.ഡെ എഴുതിയ ‘ഖല്ലാസ്’, പൊലീസിന് വിവരങ്ങള്‍ നല്‍കുന്ന ‘ഇന്‍ഫോര്‍മര്‍’മാരെക്കുറിച്ചെഴുതിയ ‘സീറോ ഡയല്‍: ദി ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേഴ്‌സ്’ എന്നീ പുസ്തകങ്ങളും കുറ്റകൃത്യ ലോകത്തെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം വെളിവാക്കുന്നതാണ്.
അധോലോകത്തിന്റെ അക്രമങ്ങള്‍ ഇടയ്ക്കിടെ മുംബൈയില്‍ നടക്കാറുണ്ടെങ്കിലും ഇവരുടെ പ്രതാപം അവസാനിച്ചു എന്ന കണക്കുകൂട്ടലിലായിരുന്നു നഗരം ഇതുവരെ. എന്നാല്‍ ഒരു പ്രമുഖ ക്രൈം റിപ്പോര്‍ട്ടറെ വകവരുത്തിയതിലൂടെ തങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുകയാണ്. അധോലോകത്തിന്റെ ഭീഷണികള്‍ പല തവണ ലഭിച്ചിരുന്നെങ്കിലും ജെ.ഡെ കാര്യമാക്കിയിരുന്നില്ല. ജെ.ഡെയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ എത്രയും പെട്ടെന്ന്‌കൊണ്ടുവരണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം