ഗായകന്‍ കെ.ആര്‍. വേണു അന്തരിച്ചു

June 12, 2011 കേരളം

കെ.ആര്‍. വേണു

കോഴിക്കോട്: പ്രശസ്ത ഗായകന്‍ കെ.ആര്‍. വേണു (68) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. അഞ്ച് ദശകങ്ങളായി സംഗീതരംഗത്ത് സജീവമായിരുന്ന വേണു സിനിമാഗാനരംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും മാപ്പിളപ്പാട്ടിലും ഒരുകാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. അസുഖത്തെത്തുടര്‍ന്ന് നാല് വര്‍ഷമായി ഒടുമ്പ്രക്കടവിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.
ഒരുകാലത്ത് കോഴിക്കോട്ടെ സംഗീത പരിപാടികളില്‍ പതിവായി പാടിയിരുന്ന വേണു ലേഡീസ്‌ഹോസ്റ്റല്‍, മനസ്, ചുഴി എന്നീ സിനിമകളിലാണ് പിന്നണി പാടിയത്. കോഴിക്കോട്ടെ പ്രശസ്തമായ ‘ഹട്ടന്‍സ്’ ഓര്‍ക്കസ്ട്രയിലും പ്രവര്‍ത്തിച്ചു. പട്‌ന സ്വദേശി റാംസെയുടെയും തിരുവണ്ണൂര്‍ സ്വദേശി ലക്ഷ്മിയുടെയും മകനാണ്. രുഗ്മിണിയാണ് ഭാര്യ. മഞ്ജുള (റിയ ട്രാവല്‍സ്), മനോജ്, മനീഷ് (ഇരുവരും ജിദ്ദ), മഞ്ജുഷ (അല്‍ഹിന്ദ് ട്രാവല്‍സ്) എന്നിവര്‍ മക്കളാണ്. ബലറാം, ദീപക് എന്നിവര്‍ മരുമക്കളാണ്. കെ.ആര്‍. ശങ്കര്‍ (റിട്ട. റെയില്‍വേ), കെ.ആര്‍. അപ്പുമേനോന്‍ (കൊല്‍ക്കത്ത), കെ.ആര്‍. രാമചന്ദ്രന്‍, കെ.ആര്‍. സുഭാഷ് (ഇരുവരും എയര്‍ ഇന്ത്യ) എന്നിവരാണ് സഹോദരങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം