ലൈസന്‍സ് ടെസ്റ്റിന് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാവുന്നു

June 12, 2011 കേരളം

തിരുവനന്തപുരം: ഡ്രൈവിങ് പഠിച്ചിട്ട് ഹെല്‍മെറ്റ് വാങ്ങിയാല്‍മതിയെന്ന ധാരണ തിരുത്താം. ഡ്രൈവിങ് പഠനത്തിനൊപ്പെം ഹെല്‍മെറ്റും നിര്‍ബന്ധം. ഇരുചക്രവാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റില്‍ ഹെല്‍മെറ്റ് കര്‍ശനമാക്കാന്‍ ഉത്തരവിറങ്ങി. ഗ്രൗണ്ടിലെ ‘എട്ട്’, ‘റോഡ് ടെസ്റ്റ്’ പരീക്ഷകള്‍ കടക്കണമെങ്കില്‍ തലയില്‍ ഹെല്‍മെറ്റ് ഉണ്ടായിരിക്കണം.
ഡ്രൈവിങ് പഠനത്തിനൊപ്പം ഹെല്‍മെറ്റും പരിചിതമാക്കുകയാണ് ലക്ഷ്യം. ഹെല്‍മെറ്റ് ധരിക്കാത്തവരെ ഇരുചക്രവാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമ്പോഴും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടിവരും. പഴയ ഇരുചക്രവാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കാന്‍ എത്തുമ്പോഴും ഹെല്‍മെറ്റ് ഉണ്ടാകണം.
സീറ്റ് ബെല്‍റ്റിന്റെ ഉപയോഗവും കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നാലുചക്രവാഹനങ്ങളുടെ ‘എച്ച്’, റോഡ് ടെസ്റ്റുകള്‍ക്കാണ് സീറ്റ് ബെല്‍റ്റ് വേണ്ടത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടില്ലാത്ത പഴയമോഡല്‍ വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് ഇളവ് ലഭിക്കും. നിയമം കര്‍ശനമാക്കാന്‍ നിര്‍ദേശം എത്തിയിട്ടില്ലെങ്കിലും മിക്ക ആര്‍.ടി.ഓഫീസികളിലും ലൈസന്‍സ് ടെസ്റ്റിന് ഹാജരാകുന്നവരോട് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം