വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി പഠനം ഒരു വര്‍ഷത്തിനുള്ളില്‍

June 13, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി പഠനം ഒരു വര്‍ഷത്തിനുള്ളില്‍ പുര്‍ത്തിയാക്കുമെന്ന്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ വ്യക്തമാക്കി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്കും ഇടക്കൊച്ചിയിലെ നിര്‍ദ്ദിഷ്‌ട ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനും അനുമതി നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളിയും ഇടക്കൊച്ചിയും ഉള്‍പ്പെടെ ഒമ്പത്‌ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയറാം രമേശിന്റെ മുന്നില്‍ സമര്‍പ്പിച്ചെങ്കിലും മറ്റ്‌ ഏഴ്‌ ആവശ്യങ്ങളോട്‌ കേന്ദ്ര മന്ത്രി അനുകൂലിച്ചു.
വിഴിഞ്ഞം പദ്ധതിയ്ക്കായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുന്‍ സര്‍ക്കാരിലെ ഒരു മന്ത്രി പോലും തന്നെ സമീപിച്ചിട്ടില്ല. പദ്ധതി അതിവേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ട്‌ വച്ചിരുന്നില്ല. പദ്ധതി നടപ്പാകണമെന്നും ഇതില്‍ രാഷ്‌ട്രീയ കളികളൊന്നുമില്ലെന്നും ജയറാം രമേശ്‌ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട്‌ താന്‍ ഒരു തരത്തിലുള്ള രാഷ്‌ട്രീയവും കളിച്ചിട്ടില്ലെന്നും ജയറാം രമേശ്‌ പറഞ്ഞു. വിഴിഞ്ഞം തുറുമുഖ പദ്ധതി പ്രദേശങ്ങള്‍ ജയറാം രമേശ് ഇന്ന് രാവിലെ സന്ദര്‍ശിച്ചിരുന്നു. അടുത്ത മണ്‍സൂണ്‍ കാലം വരെ മൂന്ന് ഘട്ടമായി തിരിച്ചായിരിക്കും വിഴിഞ്ഞത്ത് പഠനം നടത്തുക. കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വന്‍ തോതില്‍ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നുവെന്ന കാര്യവും ജയറാം രമേശ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
വേമ്പനാട്‌ കായലിന്റെ സംരക്ഷണ- പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിക്കും. പൂയംകുട്ടി പദ്ധതിക്ക്‌ ആദ്യം സംസ്ഥാന വനം വുകുപ്പിന്റെ അനുമതി വേണമെന്നും അതിന്‌ ശേഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പരിഗണിക്കുമെന്നും ജയറാം രമേശ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍