ഉസാമയുടെ മൃതദേഹത്തിനായി തെരച്ചില്‍ നടത്തും: വാറന്‍

June 14, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ കൊന്ന് മൃതദേഹം കടലില്‍ താഴ്ത്തിയെന്ന ഒബാമയുടെ പ്രഖ്യാപനത്തിന് തെളിവന്വേഷിച്ചിറങ്ങുകയാണ് കാലിഫോര്‍ണിയയിലെ വ്യവസായസംരംഭകനായ  ബില്‍ വാറന്‍. ഉസാമയെ കൊന്ന് കെട്ടിത്താഴ്ത്തിയെന്ന് പറയുന്ന കടലില്‍ മൃതദേഹത്തിനായി മുങ്ങിത്തപ്പാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
ഉസാമയുടെ മൃതദേഹം താഴ്ത്തിയെന്ന് കരുതുന്ന വടക്കന്‍ അറബിക്കടലിനടിയില്‍ തിരച്ചില്‍ നടത്താനാണ് വാറന്റെ പദ്ധതി. കടലില്‍ താഴ്ത്തിയ മൃതദേഹം കണ്ടെത്താനെളുപ്പമല്ലെന്ന് വാറനറിയാം. അത്യാധുനികബോട്ടുകളും ഉപകരണങ്ങളും മുങ്ങല്‍വിദഗ്ധരുമെല്ലാം ഇതിനായി സജ്ജമായിക്കഴിഞ്ഞു. ഉസാമയുടെ മൃതശരീരം കിട്ടിയാല്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ സൗകര്യമുള്ള ഒരു കപ്പലും തയ്യാറാക്കിയിട്ടുണ്ട്. 4,00,000 യു.എസ്. ഡോളറാണ് ഈ തിരച്ചിലിന് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയെും ചെറുകിടപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉസാമയെ മെയ് രണ്ടിനാണ് അമേരിക്കന്‍സൈന്യം പാകിസ്താനിലെ ആബട്ടാബാദിലെ ഒളിസങ്കേതത്തില്‍വെച്ച് വെടിവെച്ചുകൊന്നത്. മൃതദേഹം അറബിക്കടലില്‍ കബറടക്കിയെന്നാണ് പറഞ്ഞതെങ്കിലും ഇതിന്റെ ചിത്രമോ വീഡിയോയോ അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം