സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

June 15, 2011 ദേശീയം

ന്യൂഡല്‍ഹി: നാരിയെ പൂജിച്ച പാരന്പര്യത്തിന്റെ ഉടമസ്ഥരായ ആര്‍ഷഭാരതത്തിന് ലജ്ജിക്കേണ്ട സ്ഥിതി. ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്. സ്ത്രീകള്‍ നിരന്തരം ആക്രമണങ്ങളും ലൈംഗിക പീഡനങ്ങളും നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ മുന്‍നിരയിലുള്ളത്. അഫ്ഗാനിസ്താന്‍, കോംഗോ, പാകിസ്താന്‍, ഇന്ത്യ എന്നിവയാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട സര്‍വെയിലെ മുന്‍നിര പട്ടികയിലുള്ള രാജ്യങ്ങള്‍. സൊമാലിയയാണ് ഇന്ത്യയ്‌ക്കൊപ്പം നാലാം സ്ഥാനത്തുള്ള മറ്റൊരു രാജ്യം.
ആദ്യ നാലില്‍ മൂന്ന് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ച് ഭൂഖണ്ഡങ്ങളിലായി 213 വിദഗ്ദ്ധരെ ഉപയോഗിച്ച് നടത്തിയ പഠനഫലമാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ഗാര്‍ഹിക പീഡനം, പെണ്‍ ഭ്രൂണഹത്യ, ലൈംഗികാക്രമണം എന്നിങ്ങനെയുള്ള സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്.
സ്ത്രീകളുടെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 90 ശതമാനവും വേശ്യാവൃത്തിക്ക് വേണ്ടിയാണെന്ന് നേരത്തെ തന്നെ സി.ബി.ഐ. ഉള്‍പ്പെടെയുള്ള അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ 40 ശതമാനം കൊച്ചുപെണ്‍കുട്ടികളെയാണ് വേശ്യാവൃത്തിയ്ക്കായി ഇങ്ങനെ കടത്തിക്കൊണ്ടുപോകുന്നത്. ബാക്കിയുള്ള പത്ത് ശതമാനം തട്ടിക്കൊണ്ടുപോകലുകള്‍ നിര്‍ബന്ധിത തൊഴിലിനും വിവാഹബന്ധത്തിനും വേണ്ടിയുള്ളതാണും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം