ലോക്‌പാല്‍ ബില്‍: സര്‍വകക്ഷിയോഗം അടുത്തമാസം

June 19, 2011 ദേശീയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹ പ്രതിനിധികളുടെ ആവശ്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിക്കുന്ന സര്‍വകക്ഷിയോഗം അടുത്ത മാസം നടന്നേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റി യോഗത്തിലാണ്‌ സര്‍വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. നാളെയും മറ്റെന്നാളുമായി ലോക്‌പാല്‍ സമിതി വീണ്ടും യോഗം ചേരുന്നുണ്ട്‌. അതിനു മുമ്പ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി മുതിര്‍ന്ന നേതാക്കളും, മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി.
അതിനിടെ സര്‍വകക്ഷി യോഗത്തിനു മുന്‍പ്‌ ലോക്‌പാല്‍ ബില്ലിന്റെ കരട്‌ തയ്യാറാക്കണമെന്ന്‌ ഇടതു പാര്‍ട്ടികള്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ലോക്‌പാല്‍ബില്ലിന്റെ പരിധിയില്‍ വരുമോയെന്ന പ്രശ്‌നം മാത്രമല്ല വേറെയും സങ്കീര്‍ണ്ണങ്ങളായ അനവധി പ്രശ്‌നങ്ങള്‍ ഇതില്‍ ഉണ്ടെന്ന്‌ സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു. മറ്റ്‌ ഇടതു പാര്‍ട്ടികളുടെയും അഭിപ്രായം ഇതു തന്നെയാണെന്നും കാരാട്ട്‌ അഭിപ്രായപ്പെട്ടു. കരട്‌ രേഖയില്ലാതെ എങ്ങനെ ശരിയായ ചര്‍ച്ച നടക്കുമെന്ന്‌ സി. പി. ഐ ദേശീയ സെക്രട്ടറി ഡി. രാജയും അഭിപ്രായപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം