എന്‍ഡോസള്‍ഫാന്‍: പരമാവധി സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

June 20, 2011 കേരളം

കാസര്‍ക്കോട്: കാസര്‍ക്കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ കാസര്‍ക്കോട്ട് ചേര്‍ന്ന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കാസര്‍ക്കോട് ജില്ലയുടെ മാത്രം പ്രശ്‌നമല്ല. അതിന്റെ ദുരിതം അതിര്‍ത്തിക്കപ്പുറത്തേയ്ക്കും വ്യാപിച്ചുകഴിഞ്ഞു. അത് കാസര്‍ക്കോട് ജില്ലയിലെ ആളുകളുടെ മാത്രം ദുരിതമായല്ല, മുഴുവന്‍ സംസ്ഥാനത്തിന്റെയും ദുരിതമായാണ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരിതബാധിതര്‍ക്കായുള്ള പാക്കേജ് തയ്യാറാക്കുക. ഇതിനുവേണ്ടി മൂന്ന് യോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു. കാസര്‍ക്കോട്ടെ യോഗത്തിനുശേഷമായിരിക്കും പാക്കേജിന് അന്തിമ രൂപം നല്‍കുക. പാക്കേജിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ഈ കമ്മറ്റി രണ്ട് തവണ യോഗം ചേരുകയും ചെയ്തു. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്റെ ദുരിതം നേരിട്ടറിയാന്‍ കാസര്‍ക്കോട്ടെത്തും-മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം