കവിയൂര്‍ കേസ്: തുടരന്വേഷണം വേണമെന്ന് കോടതി

June 20, 2011 കേരളം

കൊച്ചി: കവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ആത്മഹത്യ ചെയ്യപ്പെട്ട അനഘ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2005 ഫിബ്രവരി അഞ്ചിനാണ് സി.ബി.ഐ. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് ഏറ്റെടുത്തത്. ലതാ നായരെ മാത്രം പ്രതിയാക്കി ഡിസംബറില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ മുന്‍മന്ത്രിമാരുടെ മക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ. കുറ്റപത്രത്തില്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരെ ക്രൈം വാരിക എഡിറ്റര്‍ ടി.പി.നന്ദകുമാറാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയതിനെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തിയില്ലെന്നും സംഭവത്തെ കുറിച്ച് ശ്രീകുമാരി അയച്ച കത്ത് സി.ബി.ഐ. പരിഗണിച്ചില്ലെന്നും നന്ദകുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസിന്റെ വിചാരണവേളയില്‍ കോടതി സി.ബി.ഐ.യെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അനഘയുടെ ശരീരത്തില്‍ കാണപ്പെട്ട പുരുഷബീജം രാസപരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ലഭിച്ചിരുന്നില്ലെന്നാണ് സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.
2004 സപ്തംബര്‍ 28നാണ് കവിയൂരിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം